china

ന്യൂഡൽഹി : തീവ്രവാദികളെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ഇന്ത്യ. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരനും ജെയ്‌ഷെയുടെ ഉപമേധാവിയുമായ അബ്ദുൾ റൗഫ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ യു.എന്നിൽ യു.എസിന്റെയും ഇന്ത്യയുടെയും നീക്കത്തിന് ചൈന തടയിട്ടതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

' ഭീകരതയ്ക്കെതിരായ നമ്മുടെ കൂട്ടായ പോരാട്ടത്തെ പറ്റി ഒരേ സ്വരത്തിൽ സംസാരിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് കഴിയുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. തീവ്രവാദികളെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല. " വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ആഗോള ഭീകരരെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളെ ഒരു ന്യായീകരണവുമില്ലാതെ തടഞ്ഞുവയ്ക്കുകയും എതിർക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ ഏ​റ്റവും കുപ്രസിദ്ധരായ തീവ്രവാദികളെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ തടയുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1999ൽ ഇന്ത്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് ഐ.സി-814 ഹൈജാക്ക് ചെയ്തതിന്റെ സൂത്രധാരനാണ് റൗഫ്. യു.എൻ സെക്യൂരിറ്റി കൗൺസിലിലെ 14 അംഗങ്ങളും ഇന്ത്യ - യു.എസ് നീക്കത്തെ അനുകൂലിച്ചപ്പോൾ നിർദ്ദേശം കൂടുതൽ പഠിക്കാനുണ്ടെന്ന ന്യായം മുന്നോട്ട് വച്ചാണ് ചൈന തടസം സൃഷ്ടിച്ചത്.

ഇക്കഴിഞ്ഞ ജൂണിൽ പാക് ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ - യു.എസ് സംയുക്ത നിർദ്ദേശവും ചൈന തടഞ്ഞിരുന്നു.