kerala-blasters

കൊച്ചി: ആദ്യ മത്സരത്തിലെപ്പോലെ രണ്ടാം മത്സരത്തിലും ഒന്നുപോലും വഴങ്ങാതെ എതിർവലയിൽ പത്ത് ഗോൾ നിറച്ച് ബ്ലാസ്‌റ്റേഴ്‌സ് പെൺപുലികൾ.എസ്.ബി.എഫ്.എ പൂവാറാണ് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള വിമൻസ് ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾമഴയിൽ തകർന്നുപോയത്. സി. സിവിഷയുടെ ഹാട്രിക് നേട്ടം ബ്ലാസ്റ്റേഴ്‌സിന്റെ മാറ്റുകൂട്ടി. ടി.ജി. ഗാഥയും നിധിയ ശ്രീധരനും ഇരട്ടഗോളുകൾ സ്വന്തമാക്കി. കിരൺ, എം. കൃഷ്ണപ്രിയ, പി. അശ്വതി എന്നിവരാണ് മറ്റ് ഗോൾവേട്ടക്കാർ.

തുടക്കംമുതൽ പന്ത് ബ്ലാസ്റ്റേഴ്സിന്റെ കാൽക്കീഴിലായിരുന്നു. എട്ടാം മിനിട്ടിൽ പൂവാർ ഗോളി ജിബിതയ്ക്ക് പന്ത് കൈമാറ്റത്തിൽ പിഴച്ചു. ബോക്‌സിന് പുറത്തുനിന്ന് കിരൺ പന്ത് അനായാസം ജിബിതയുടെ തലയ്ക്കുമുകളിലൂടെ ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് മിനിട്ടിനുള്ളിൽ സ്‌കോർ രണ്ടാക്കി. പ്രതിരോധതാരം ഗാഥ ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തി ഇടതുഭാഗത്തുനിന്ന് അടിതൊടുത്തു. 14ാം മിനിട്ടിൽ ജിബിതയുടെ കൈകൾ ചോർന്നു. സിവിഷയുടെ ഉഗ്രൻഷോട്ട് കൈയിൽനിന്ന് വഴുതി വലയിലേക്ക്. ഇരുപത്തിരണ്ടാം മിനിറ്റിൽ നാലാം ഗോളുമെത്തി. അശ്വതിയാണ് സ്കോർ ഉയർത്തിയത്.
പൂവാർ ഗോൾമുഖത്ത് ബ്ളാസ്റ്റേഴ്സ് കുന്തമുനകൾ വട്ടമിട്ടുപറന്നു. 35ാം മിനിട്ടിൽ ആര്യശ്രീയുടെ തകർപ്പൻ ക്രോസിൽ കൃഷ്ണപ്രിയയുടെ മനോഹരമായ ഹെഡ്ഡർ. ബ്ലാസ്‌റ്റേഴ്‌സിന്റെ നേട്ടം അഞ്ചായി. ആദ്യപകുതി അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് ശേഷിക്കെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാംഗോൾ. സിവിഷ ലക്ഷ്യംകണ്ടു. ഗാഥയാണ് അവസരമൊരുക്കിയത്. മത്സരത്തിൽ സിവിഷയുടെ രണ്ടാംഗോൾ. ഇടവേളയ്ക്ക് ഈ കൂട്ടുകെട്ട് ഗോളെണ്ണം ഏഴാക്കി. സിവിഷയുടെ ക്രോസിൽ ഗാഥ തന്റെ രണ്ടാമത്തെ ഗോളടിച്ചു.

രണ്ടാംപകുതിയും ഗോൾമഴപെയ്തു. 51ാം മിനിറ്റിൽ നിധിയയിലൂടെയായിരുന്നു രണ്ടാംപകുതിയിലെ ആദ്യഗോൾ. മത്സരത്തിൽ എട്ടുഗോളും ബ്ലാസ്‌റ്റേഴ്‌സ് തികച്ചു. 58ാം മിനിറ്റിൽ പൂവാറിന്റെ മികച്ചൊരു ഫ്രീക്കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോൾകീപ്പർ നിസാറി കൈയിലൊതുക്കി. 65ാം മിനിറ്റിൽ നിധിയയുടെ ലോംഗ് റേഞ്ചർ ലക്ഷ്യത്തിൽ. ബ്ലാസ്‌റ്റേഴ്‌സ് ഒമ്പത് ഗോളിന് മുന്നിൽ. 76ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിലെ മറ്റൊരു മാറ്റംവരുത്തി. അഞ്ജിതയ്ക്ക് പകരം വി.വി. ആരതി കളത്തിൽ. കളിയുടെ അവസാനിമിഷം തകർപ്പനൊരു ലോംഗ് റേഞ്ചിലൂടെ ഹാട്രിക് പൂർത്തിയാക്കിയ സിവിഷ ബ്ലാസ്‌റ്റേഴ്‌സിന് പത്ത് ഗോൾ ജയവുമൊരുക്കി.16ന് ലോർഡ്‌സ് എഫ്.എയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.