
നടിയും എഴുത്തുകാരിയും എന്നതിലുപരി അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറുമാണ് ട്വിങ്കിൾ ഖന്ന. സോഷ്യൽ മീഡിയയിലും നടി സജീവമാണ്. കുട്ടികളുടെ കിടപ്പുമുറി എളുപ്പത്തിലും ആകർഷകമായും എങ്ങനെ ഡിസൈൻ ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ട്വിങ്കിൾ ഖന്ന പുതുതായി പങ്കുവച്ചിരിക്കുന്നത്. ഇതിൽ രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. മകൾ നിതാര വരച്ച ബെഡ്റൂമിന്റെ മാതൃകയിലാണ് ട്വിങ്കിൾ ഖന്നയുടെ ഡിസൈൻ.
മകൾ വരച്ച ചിത്രമാണ് ആദ്യം വീഡിയോയിൽ കാണിക്കുന്നത്. പിന്നാലെ താൻ നിൽക്കുന്ന മുറി വീഡിയോയിൽ കാണിക്കുന്നു. ചിത്രത്തിന്റെ അതേമാതൃകയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് വീഡിയോയിൽ കാണാം. കുട്ടികളുടെ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും സൂക്ഷിക്കുന്നതിന് വാഡ്രോബുകളും സ്റ്റഡി ടേബിളും മനോഹരമായി റൂമിൽ സെറ്റ് ചെയ്തിരിക്കുന്നു.
ചെറിയ കുട്ടിക്കുള്ള മുറിയായതിനാൽ തറ നിരപ്പോട് ചേർന്നാണ് വാഡ്രോബ് സെറ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ കളിക്കോപ്പ് ഉപയോഗിച്ച് അലങ്കാരപ്പണികളും ചെയ്തിട്ടുണ്ട്. കുട്ടികളുടെ കഥാപുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്നതിന് ചെറിയൊരു വാൾ ലൈബ്രറിയും കൊടുത്തിട്ടുണ്ട്. ഇളം നിറമാണ് റൂമിലെ ചുമരുകൾക്ക് നൽകിയിരിക്കുന്നത്. കാർട്ടൂൺ കാഥാപാത്രങ്ങളും ചിത്രമുള്ള കിടക്കയും റൂമിനെ ആകർഷകമാക്കുന്നു.