
ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ സീനിയർ താരങ്ങൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനായി കളിക്കാൻ താത്പര്യം കാട്ടുന്നില്ലെന്ന് കുറ്റപ്പെടുത്തി പരിശീലകൻ ഫിൽ സിമ്മൺസ്. വെസ്റ്റിൻഡീസ് ടീമിന് വേണ്ടി കളിക്കണമെന്ന് താരങ്ങളോട് യാചിക്കാൻ താനില്ലെന്നും പണത്തിന്റെ പിന്നാലെ പായുന്ന ക്രിക്കറ്റർമാർക്ക് വെസ്റ്റിൻഡീസിന് വേണ്ടി കളിക്കുന്നതിനെക്കാൾ വലുത് മറ്റ് രാജ്യങ്ങളിലുള്ള ക്ലബ്ബുകളാണെന്നും സിമ്മൺസ് തുറന്നടിച്ചു.
മുൻ ട്വന്റി 20 ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇപ്പോൾ തുടർച്ചയായി പരമ്പരകളിൽ പരാജയപ്പെടുകയാണ്. പ്രമുഖ താരങ്ങളായ ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, എവിൻ ലൂയിസ്, ഒഷെയ്ൻ തോമസ്, ഷെൽഡണ്‍ കോട്രെൽ, ഫാബിയൻ അലൻ, റോസ്റ്റൺ ചേസ് തുടങ്ങിയവർ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ലോകകപ്പിന് ടീമിനെ ഇറക്കുക പ്രയാസമാണെന്ന് കോച്ച് പറയുന്നു. ഈവർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ട്വന്റി - 20 ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
മറ്റ് ടീമുകളെപോലെ വെസ്റ്റിൻഡീസ് എന്ന രാജ്യം ഇല്ലാത്തതിനാൽ തന്നെ ഈ പ്രദേശത്ത് നിന്നും വരുന്ന ക്രിക്കറ്റർമാർക്ക് ദേശീയത എന്ന സങ്കൽപം വരുന്നില്ല. അതിനാൽ തന്നെ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് വേണ്ടി കളിക്കാൻ പലരും വൈമുഖ്യം കാണിക്കാറുണ്ട്. നോർത്ത് അമേരിക്കയിലെ 13 ദ്വീപ് രാഷ്ട്രങ്ങൾ ചേർന്നാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് രൂപം നൽകിയിട്ടുള്ളത്. ഈ ടീമിൽ കളിക്കുന്നവർ വിവിധ അമേരിക്കൻ ദ്വീപ് രാഷ്ട്രങ്ങളിലെ പൗരന്മാരാണ്.
അതേസമയം ഫിൽ സിമ്മൺസിന്റെ പരാമർശത്തിനെതിരെ മുൻ വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സൽ രംഗത്തെത്തി. ഇത്തരമൊരു ആരോപണം തനിക്കെതിരെ എന്നെങ്കിലും ഉയരുമെന്ന് അറിയാമായിരുന്നെന്നും എന്നാൽ ഈ അവസരത്തിൽ താൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും റസ്സൽ ട്വിറ്ററിൽ കുറിച്ചു.