har-khar-tiranga

ഡെറാഡൂൺ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹർ ഘർ തിരംഗ ക്യാംപെയിനിന് ഇന്ന് തുടക്കമാവുകയാണ്. ഇതിനിടെ ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കണമെന്ന് അണികൾക്ക് നിർദേശം നൽകിയ ഉത്തരാഖണ്ഡ് ബിജെപി പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നടപടി വിവാദമാകുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിലായിരുന്നു ഭട്ട് നിർദേശം നൽകിയത്. വീടുകളിൽ ദേശീയ പതാക ഉയർത്താത്തവരെ രാജ്യത്തിന് വിശ്വസിക്കാനാവില്ലെന്നും ആരാണ് ദേശീയവാദിയെന്ന് ഇതിലൂടെ തിരിച്ചറിയാനാവുമെന്നും ഭട്ട് പരിപാടിക്കിടെ പറഞ്ഞു. പിന്നാലെ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ നിർദേശിക്കുകയായിരുന്നു.

നിർദേശം ഏറെ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഭട്ട് രംഗത്തെത്തി. ബിജെപി പ്രവർത്തകരുടെ വീടുകളെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഹർ ഘർ തിരംഗ ക്യാെപെയിനിന്റെ ഭാഗമായി വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.