kim-jong-un

പ്യോംഗ്‌യാംഗ്: കൊവിഡിനെ തോൽപ്പിച്ചെന്ന ഏകാധിപതി കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാസ്‌ക് ഉൾപ്പടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരകൊറിയ. സാമൂഹിക അകലം, ആന്റി വൈറസ് നടപടികൾ എന്നിവ അതിർത്തി പ്രദേശങ്ങളിൽ ഒഴികെ ഒഴിവാക്കി.

ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനത്തിന് കാരണം ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോൾ ആണെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ നടപടി. രാജ്യത്ത് നിലനിന്നിരുന്ന ആരോഗ്യപരമായ പ്രതിസന്ധിയെ പൂർണമായും ഉൻമൂലനം ചെയ്തുവെന്നും രാജ്യം വൈറസ് മുക്തമായെന്നും ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. 2022 മേയിൽ ആദ്യ കൊവിഡ് കേസ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് കൊവിഡിൽ നിന്ന് രാജ്യം മുക്തി നേടിയതായി അധികൃതർ വ്യക്തമാക്കിയത്.

2021ലെ വിലക്ക് ലംഘിച്ച് ദക്ഷിണ കൊറിയൻ സാമൂഹിക പ്രവ‌ർത്തകർ ലഘുലേഖകളും ഡോളറും മറ്റും അടങ്ങിയ ബലൂണുകൾ ഉത്തരകൊറിയൻ അതിർത്തികളിൽ പറത്തിവിട്ടിരുന്നു. ഇതാണ് ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് ആരോപിക്കുകയും സിയോളിനോട് പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിന് പിന്നാലെ കിം ജോംഗ് ഉന്നിന് കടുത്ത പനി ബാധിച്ചുവെന്നും സഹോദരി വെളിപ്പെടുത്തി.