amir-akshay-kumar

ബോക്‌സോഫീസ് പവറിന്റെ കാര്യത്തിൽ മുൻ പന്തിയിലാണ് ആമിർ ഖാനും അക്ഷയ് കുമാറും. ഏറ്റവും കൂടുതൽ വരുമാനം നേടിയിട്ടുള്ള ഇന്ത്യൻ ചിത്രം ആമിറിന്റെ ദംഗലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് ചിത്രങ്ങൾക്ക് പ്രതീക്ഷിക്കുന്നത്ര വിജയം നേടാൻ സാധിച്ചിട്ടില്ല. സൂപ്പർതാര ചിത്രങ്ങൾ വരെ തകരുന്ന കാഴ്‌ചയാണ് കാണുന്നത്.

ഇപ്പോഴിതാ അക്ഷയ് കുമാര്‍ നായകനായ രക്ഷാബന്ധന്‍, ആമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ എന്നീ ചിത്രങ്ങളും സമാന സാഹചര്യമാണ് നേരിടുന്നത്. ബോക്‌സ് ഓഫീസില്‍ ഈ ചിത്രങ്ങൾ പതുങ്ങുകയാണ്. ആദ്യ ദിനത്തില്‍ ഏഴ് കോടിയോളമാണ് രക്ഷാബന്ധൻ കളക്‌ട് ചെയ്‌തത്. രണ്ടാം ദിനത്തില്‍ വരുമാനത്തിന്റെ 30 ശതമാനത്തോളം ഇടിഞ്ഞു.

10 കോടിയോളമാണ് ലാല്‍ സിംഗ് ഛദ്ദയുടെ ആദ്യദിനത്തിലെ വരുമാനം. എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ വെള്ളിയാഴ്ച ആമീര്‍ ചിത്രത്തിന്റെ 1300 ഷോകൾ റദ്ദാക്കി. അക്ഷയ് കുമാര്‍ ചിത്രത്തിന്റെ 1000 ഷോകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഈ വരുന്ന അവധി ദിനങ്ങളില്‍ സിനിമയുടെ വരുമാനം കൂടുമെന്ന പ്രതീക്ഷയിലാണ് വിതരണക്കാരും തിയേറ്റര്‍ ഉടമകളും.

2018 ല്‍ റിലീസായ 'തഗ്‌സ് ഒഫ് ഹിന്ദുസ്ഥാന്' ശേഷം തിയേറ്ററിലെത്തുന്ന ആമിർ ചിത്രമാണ് 'ലാൽ സിംഗ് ഛദ്ദ'. അക്ഷയ് കുമാറിന്റെ അടുത്തിറങ്ങിയ ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങൾ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.

ആമിര്‍ ഖാനെ നായകനാക്കി അദ്വൈത് ചന്ദനാണ് 'ലാല്‍ സിംഗ് ഛദ്ദ' ഒരുക്കിയത്. ടോം ഹാങ്ക്‌സ് നായകനായി 1994-ല്‍ പുറത്തിറങ്ങിയ 'ഫോറസ്റ്റ് ഗമ്പി'ന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം. ഒട്ടേറെ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം റിലീസായത്. കരീന കപൂര്‍ ആണ് 'ലാല്‍ സിംഗ് ഛദ്ദ'യിൽ നായികയായി എത്തുന്നത്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം 18 സ്റ്റുഡിയോസ്, പാരമൌണ്ട് പിക്ചേര്‍സ് എന്നിവര്‍ ചേര്‍ന്നാണ് 'ലാല്‍ സിംഗ് ഛദ്ദ' നിര്‍മിച്ചിരിക്കുന്നത്. ആമിറിന്റെ ചിത്രത്തിന് പുറമെ അക്ഷയ് കുമാറിന്റെ 'രക്ഷാബന്ധനെ'തിരേയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾ ചിത്രങ്ങളുടെ കളക്ഷനേയും ബാധിക്കുന്നതാണ് ഇപ്പോൾ കാണുന്നത്.