അമ്മയാകാൻ തയ്യാറെടുക്കുന്നതോടെ മിക്കവാറും സ്ത്രീകളും ഫാഷനോടും ട്രെൻഡുകളോടും വിടപറയാറുണ്ട്. ഇനി തന്നെയാര് ശ്രദ്ധിക്കാനാണെന്ന അനാവശ്യ ചിന്തകളാണ് ഇവരെ പിന്തിരിപ്പിക്കുന്നത്. എന്നാൽ ഗർഭിണികൾക്കും ട്രെൻഡിയായി അണിഞ്ഞൊരുങ്ങാനുള്ള വസ്ത്രങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിലെ കുറച്ച് മെറ്റേണിറ്റി ഫാഷൻ ഡ്രസുകൾ പരിചയപ്പെടാം.
അണിയാനുള്ള സുഖവും സൗകര്യവുമാണ് മെറ്റേണിറ്റി വസ്ത്രങ്ങൾ തിരഞ്ഞടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. അയഞ്ഞതും ഭാരം കുറഞ്ഞതും വലിച്ചുനീട്ടാവുന്നതുമായ വസ്ത്രങ്ങളായിരിക്കും കൂടുതൽ നല്ലത്. ഭാരമുള്ള എംബ്രോയിഡറി, സ്വീകൻസുകൾ എന്നിവയുള്ളത് ഒഴിവാക്കാം. കോട്ടൺ ലൈക്ര, ഡെനിം, റയോൺ, ജോർജെറ്റ്, ലിനൻ തുടങ്ങിയ മെറ്റീരിയലുകളാണ് ഗർഭിണികൾക്ക് ഏറ്റവും അനുയോജ്യം.
മെറ്റേണിറ്റി ബോട്ടം: വയറിലും ഇടുപ്പിലുമായി ചേർന്ന് കിടക്കുന്ന പാന്റ്സായ ബെല്ലി വെയിസ്റ്റ് ബാൻഡ്, ഫുൾ ലെംഗ്ത് അല്ലെങ്കിൽ ആംഗിൾ ലെംഗ്ത് ലെഗിൻ, സ്കിന്നി- സ്ട്രെയിറ്റ് പാന്റ്സ് അല്ലെങ്കിൽ ട്രൗസർ, ഓഫീസ് വെയർ, കാഷ്യൽ വെയർ, യോഗ വെയർ, സ്വീറ്റ് പാന്റ്സ് എന്നിവയും ഗർഭിണികൾക്ക് ട്രൈ ചെയ്യാം
ബോട്ടം- ഡൗൺ ബ്ളൗസുകളും പെൻസിൽ സ്കർട്ടും മികച്ച കോംബിനേഷൻ ആണ്. എ- ലൈൻ അഥവാ എംപയർ വെയിസ്റ്റ് ഷർട്ട്, ഷ്റഗ്സ്, ജാക്കറ്റുകൾ, മെറ്റേണിറ്റി മാക്സി എന്നിവയും ഫാഷൻ പരീക്ഷിക്കാൻ മികച്ച ഓഫറുകളാണ്.
ചെറിയ പാറ്റേണുകളും നേരിയ വരകളും ഉള്ള വസ്ത്രങ്ങൾ വണ്ണം കുറവുള്ളതായി തോന്നിപ്പിക്കും. കറുത്ത വസ്ത്രങ്ങൾ മെലിഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുമെങ്കിലും വൈബ്രന്റ് നിറങ്ങൾ മെറ്റേണിറ്റി ഫാഷനിൽ ഉൾപ്പെടുത്താവുന്നതാണ്.
ഒരേ നിറത്തിലെ ബോട്ടവും ടോപ്പും അണിയുന്നതും മെലിഞ്ഞതും പൊക്കമുള്ളതുമായി തോന്നാൻ സഹായിക്കും.