
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിൽ ഒരു ഇന്ത്യൻ താരം മെഡൽ നേടിയപ്പോൾ പിറന്നത് ചരിത്രമാണ്. വർഷങ്ങളായി കെനിയക്കാർ അടക്കി വാണിരുന്ന വിഭാഗത്തിലാണ് ഒരു ഇന്ത്യക്കാരനിലൂടെ കെനിയ അല്ലാതൊരു രാജ്യം മെഡൽ നേടുന്നത്. സാബിളിന്റെ നേട്ടത്തിൽ നന്ദി പറയേണ്ടത് ഇന്ത്യൻ ആർമിക്കാണ്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള 27 കാരനായ അവിനാഷ് സാബിൾ ഒരു സൈനികനാണ്. കഠിനമായ ബുദ്ധിമുട്ടുകളുടെയും അലസതയുടെയും അമിത വണ്ണത്തിന്റേയും ജീവിതത്തിൽ നിന്ന് സാബിളിന് സ്റ്റീപ്പിൾ ചേസ് മെഡൽ നേടാനുള്ള കുതിപ്പിന് ചിറകുകൾ നൽകിയത് സെെന്യമാണ്.
ചിറകുകൾ നൽകിയ ഇന്ത്യൻ ആർമി
ആറ് വർഷം മുമ്പ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് സാബിൾ ഓട്ടത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ജില്ലയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കർഷക കുടുംബത്തിൽ നിന്നാണ് സാബിൾ വരുന്നത്. ഒരു കായിക മത്സരങ്ങളെക്കുറിച്ചും ശ്രദ്ധിക്കാത്ത അലസനും ഭക്ഷണപ്രിയനുമായ യുവാവായിരുന്നു സാബിൾ.
തന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് സൈന്യത്തിൽ ചേർന്നത്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ശേഷം സെെന്യത്തിലെത്തിയ സാബിൾ, സിയാച്ചിനിലും രാജസ്ഥാനിലുമടക്കമുള്ള കഠിനമായ കാലാവസ്ഥയുള്ള മേഖലകളിൽ സേവനമനുഷ്ഠിച്ചത് ഗുണകരമായി. പിന്നീട് അദ്ദേഹം സൈന്യത്തിന്റെ അത്ലറ്റിക് പ്രോഗ്രാമിൽ ചേരുകയും ക്രോസ്-കൺട്രി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു.

സർവീസസ് ടീമിന്റെ ഭാഗമാകുന്നതിന് മുമ്പ് ഒരു വർഷത്തെ മാത്രം പരിശീലനമാണ് സാബിളിന് ലഭിച്ചത്. എന്നാൽ ദേശീയ ക്രോസ്-കൺട്രി ചാമ്പ്യൻഷിപ്പിൽ അയാൾ അഞ്ചാം സ്ഥാനത്തെത്തി.പിന്നാലെ പരിക്ക് വലച്ചെങ്കിലും കൂടുതൽ ശക്തനായി സാബിൾ തിരിച്ചെത്തി.
2017-ൽ ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി 15 കിലോ ഭാരം കുറച്ചു. സൈനിക പരിശീലകൻ അമ്രീഷ് കുമാർ സാബിളിനെ ശ്രദ്ധിച്ചത് വഴിത്തിരിവായി. ഈ പരിശീലകനാണ് സാബിളിനെ സ്റ്റീപ്പിൾ ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
'ഗ്രാമീണ പ്രദേശമായതിനാൽ സാബിളിന് ശക്തിയും സഹിഷ്‌ണുതയും ഉണ്ടായിരുന്നു. ക്രോസ്-കൺട്രിയിൽ അവൻ വളരെ മിടുക്കനായിരുന്നു, പരിശീലനത്തിൽ അവന്റെ കുതിപ്പുകൾ കണ്ടപ്പോൾ ഞങ്ങൾ അവനെ സ്റ്റീപ്പിൾ ചേസിലേക്ക് മാറ്റാൻ തീരുമാനിച്ചു'- അമ്രീഷ് പറഞ്ഞു.
സാബിളിന്റെ കുതിപ്പ്
2017ലെ ഫെഡറേഷൻ കപ്പിൽ മികച്ച വേഗതയിൽ ഫിനിഷ് ചെയ്‌ത സാബിൾ ദേശീയ റെക്കാർഡിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 'സ്റ്റീപ്പിൾ ചേസ് വളരെ തന്ത്രപരമായ ഓട്ടമാണ്. അതിനാൽ, മിക്ക സമയത്തും, ഇന്ത്യയിൽ ഈ റെക്കോർഡ് തകർക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞു. കാരണം ഇന്ത്യയിൽ അത്തരം വേഗത ആർക്കും കെെവരിക്കാൻ കഴിയില്ല. എനിക്ക് അതിനായുള്ള വേഗത കെെവരിക്കേണ്ടി വന്നു'- സാബിൾ ഒരു അഭിമുഖത്തിൽ പറഞ്ഞു. 2018 ൽ ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ദേശീയ റെക്കാർഡ് സാബിൾ തകർത്തു.

ടോക്കിയോ ഒളിമ്പിക്‌സും കോമൺവെൽത്തും
കണിശക്കാരനായ റഷ്യൻ കോച്ച് നിക്കോളായ് സ്‌നെസരേവിന്റെ കീഴിലായിരുന്ന സേബിൾ ഒളിമ്പിക്‌സിനായി ഒരുങ്ങിയത്. ഇത് താരത്തിന് കടുത്ത മാനസിക സംഘർഷങ്ങളാണ് സമ്മാനിച്ചത്. പലപ്പോഴും ഓട്ടം നിർത്തുന്നതിനെപ്പറ്റിപ്പോലും ചിന്തിച്ചു. പിന്നാലെ മുൻ കോച്ച് അമ്രീഷുമായി വീണ്ടും സാബിൾ ഒന്നിച്ചു. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതോടെ 1952-ൽ ഗുൽസാര സിംഗ് മാനിന് ശേഷം ഒളിമ്പിക്‌സ് സ്റ്റീപ്പിൾ ചേസ് ഇനത്തിൽ ഓടുന്ന ആദ്യ ഇന്ത്യക്കാരനായി സാബിൾ മാറി.
2022 ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 8:11:20 എന്ന ദേശീയ റെക്കോർഡ് മറികടന്നാണ് സാബിൾ വെള്ളി നേടിയത്.പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിലായിരുന്നു മെഡൽ നേട്ടം. കെനിയയുടെ എബ്രഹാം കിബിവോട്ടിനാണ് സ്വർണം. 0.05 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് സാബിളിന് സ്വർണ്ണ മെഡൽ നഷ്ടമായത്. സാബിളിന് ഇത് തുടക്കം മാത്രമല്ല, രാജ്യത്തിന് അഭിമാനമായി താരം ഇനിയും കുതിക്കും.