anne

ലോസ്ആഞ്ചലസ്: കാറപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമേരിക്കൻ നടി ആൻ ഹെഷ് (53) അന്തരിച്ചു. ഓഗസ്റ്റ് 5ന് ആൻ ഓടിച്ചിരുന്ന കാർ ലോസ്ആഞ്ചലസിലെ മാർ വിസ്റ്റയിലെ ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു.

അമിതവേഗത്തിൽ പാഞ്ഞെത്തിയ മിനി കൂപ്പറിൽ ആൻ മാത്രമാണുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആൻ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയത്.

അനതർ വേൾഡ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ആൻ ശ്രദ്ധനേടിയത്. ദി അ‌ഡ്വെഞ്ചേഴ്സ് ഒഫ് ഹക്ക് ഫിൻ, സിക്സ് ഡേയ്സ് സെവൻ നൈറ്റ്സ്, സൈക്കോ, റിട്ടേൺ ടു പാരഡൈസ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.