salman

ന്യൂയോർക്ക്: യു.എസിലെ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം അക്രമിയുടെ കുത്തേറ്റ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്ദി (75) വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. കരളിൽ ഏറ്റ മുറിവ് മാരകമാണ്. കഴുത്തിലെ ഞരമ്പിലേറ്റ മുറിവ് കാരണം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്നാണ് സൂചന. കൈഞരമ്പുകൾക്കും സാരമായ തകരാർ സംഭവിച്ചു. സംസാരിക്കാൻ കഴിയുന്നില്ല.

പെനിൻസിൽവേനിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

സാത്താനിക് വേഴ്സസ് എന്ന വിവാദ നോവലിന്റെ പേരിൽ കഴിഞ്ഞ 33 വർഷമായി മുസ്ലീം മതമൗലിക വാദികളുടെ വധഭീഷണി നേരിടുന്ന റുഷ്ദിയെ ന്യൂയോർക്കിന്റെ പ്രാന്തപ്രദേശത്തുള്ള ഷട്ടോക്വ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം ന്യൂജെഴ്സി സ്വദേശിയായ ഹാദി മറ്റാർ (24) ആക്രമിച്ചത്. ഇരുപതു സെക്കന്റിനുള്ളിൽ നിരവധി കുത്തുകളാണ് ഏറ്റത്. സദസിൽ ഇരുന്ന യുവാവ് വേദിയിൽ കയറി ആക്രമിക്കുകയായിരുന്നു. ഇന്ത്യൻസമയം വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ സംഭവം.

1988ൽ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് മതനിന്ദയുടെ പേരിൽ ഇന്ത്യയടക്കം പല രാജ്യങ്ങളും നിരോധിച്ചിരുന്നു. ഇറാനിലെ പരമോന്നത മതനേതാവായിരുന്ന അയത്തൊള്ള റുഹുള്ള ഖൊമൈനി റുഷ്ദിയെ വധിക്കാൻ മതശാസന പുറപ്പെടുവിച്ചതിനെ തുടർന്ന് പത്തു വർഷത്താേളമാണ് റുഷ്ദി ബ്രിട്ടീഷ് സുരക്ഷാ ഭടൻമാരുടെ കാവലിൽ ഒളിവിൽ കഴിഞ്ഞത്.

അക്രമി ഇറാന്റെ

ആരാധകൻ

# ലെബനൻ വംശജനായ ഹാദി മറ്റാർ ഇറാന്റെ ആരാധകൻ

# ബാഗും ഇലക്ട്രോണിക് ഉപകരണങ്ങളും സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്

# ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുല്ലയോട് ചായ്‌വുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടെത്തി

# അയത്തൊള്ള റുഹുള്ള ക്വമൈനി,​ ഇറാന്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനി എന്നിവരുടെ ആരാധകൻ. ഇരുവരും ജീവിച്ചിരിപ്പില്ല.