ship

കൊളംബോ: ഉപഗ്രഹ,​ മിസൈൽ നിരീക്ഷണത്തിനും ഹൈടെക്ക് യുദ്ധമുറകൾക്കും ശേഷിയുള്ള ചൈനയുടെ ചാരക്കപ്പൽ ഇന്ത്യയുടെ എതിർപ്പ് വകവയ്ക്കാതെ സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് തെക്കൻ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടും. സുരക്ഷയ്ക്ക് വൻ ഭീഷണിയാവുന്ന കപ്പലിന് അനുമതി കൊടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക കൊളംബോയിലെ ചൈനീസ് എംബസിക്ക് കത്ത് നൽകിയിരുന്നു. ശ്രീലങ്കയുടെ നിർദ്ദേശത്തിന് യാതൊരു വിലയും കല്പിക്കാതെ ചൈനീസ് കപ്പൽ യാത്ര തുടരുകയാണ്. ആദ്യം ഇന്ത്യയുടെയും അമേരിക്കയുടെയും എതിർപ്പിനെ തുടർന്ന് ആൻഡമാൻ ലക്ഷ്യമാക്കി കപ്പലിന്റെ റൂട്ട് മാറ്റിയ ചൈന പിന്നീട് കപ്പലിന്റെ വേഗത കൂട്ടി ലങ്കൻ തുറമുഖത്തേക്ക് തിരിച്ചെന്നാണ് സൂചന. ഇതുകാരണം യാത്ര അഞ്ചു ദിവസം നീണ്ടുപോയെന്നു മാത്രം.

തുറമുഖം ചൈനീസ് നിയന്ത്രണത്തിലായതിനാലാണ് ശ്രീലങ്കയ്ക്കുപോലും നിയന്ത്രിക്കാൻ കഴിയാതായത്.

ആഗസ്റ്റ് 16 മുതൽ 22 വരെ കപ്പൽ ഉണ്ടാവും. ഇന്ധനം നിറയ്‌ക്കാനും അവശ്യസാധനങ്ങൾ ശേഖരിക്കാനുമാണ് കപ്പൽ എത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം, ഇന്ത്യയും അമേരിക്കയും എതിർപ്പിന് വ്യക്തമായ കാരണം പറയാത്തതിനാലാണ് കപ്പലിന് അടുക്കാൻ അനുമതി നൽകിയതെന്ന് ലങ്കൻ സർക്കാരിന്റെ ന്യായീകരണം.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കപ്പൽ നിരീക്ഷണം നടത്തും. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നിരീക്ഷിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആശങ്ക

യുവാൻ വാങ് 5.

#730 അടി നീളം. 400 നാവികർ

# ഉപഗ്രഹങ്ങളും ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളും സൈനിക കേന്ദ്രങ്ങളും നിരീക്ഷിക്കുക മുഖ്യ ദൗത്യം.

# ബഹിരാകാശ, ഇലക്ട്രോണിക്, സൈബർ യുദ്ധതന്ത്രങ്ങളിലും പങ്കാളി

# 750 കിലോമീറ്റർ ആകാശ പരിധിയിലും കടലിലെയും കരയിലെയും സിഗ്നലുകൾ ചോർത്തും.

# ഇതിന് ഭീമൻ ആന്റിനകളും സെൻസറുകളും

160 കി.മീ. അകലം മാത്രം

#ഇന്ത്യയിൽ നിന്ന് 160 കിലോമീറ്റർ മാത്രം അകലെയാണ് ഹംബൻടോട്ട തുറമുഖം

#രാജപക്സെ കുടുംബത്തിന്റെ നാട്ടിലാണ് തുറമുഖം

മഹിന്ദ രാജപക്‌സെയുടെ കാലത്ത് ചൈനീസ് വായ്പ ഉപയോഗിച്ചാണ് നിർമ്മിച്ചത്

വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 2017ൽ തുറമുഖം ചൈനയ്‌ക്ക് 99 വർഷത്തേക്ക് പാട്ടത്തിന് നൽകി

140കോടി ഡോളർ ചെലവിട്ട് ചൈനീസ് കമ്പനിയായ ചൈന മർച്ചന്റ് പോർട്ട് ഹോൾഡിംഗ്സ് ആണ് തുറമുഖം നിർമ്മിച്ചത്.

അതിനേക്കാൾ കുറഞ്ഞ തുകയ്‌ക്കാണ് ( 112കോടി ഡോളർ ) ആ കമ്പനിക്ക് പാട്ടത്തിന് നൽകിയത്.

ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്‌ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സ് വിഭാഗവും ചൈനീസ് സ്പേസ് ഏജൻസിയുമാണ്.കപ്പൽ നിയന്ത്രിക്കുന്നത്

എന്തുകൊണ്ട് ഭീഷണി ?​

ശ്രീലങ്കയോട് അടുത്തുള്ള തമിഴ്നാട്ടിലെ ആണവ നിലയങ്ങളായ കൽപാക്കം, കൂടംകുളം, ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഒ കേന്ദ്രം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. വി. എസ്. എസ്. സി ഉൾപ്പെടുന്ന കേരള തീരവും കപ്പലിന്റെ നിരീക്ഷണ പരിധിയിലാണ്.