
ന്യൂഡൽഹി: ആഗസ്റ്റ് 15ന് ഓലയുടെ ഇലക്ട്രിക്ക് കാറിന്റെ ലോഞ്ച് ഉണ്ടാകുമെന്ന് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ തങ്ങളുടെ രണ്ട് വാഹനങ്ങൾ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ ഓല പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്ന് ഇലക്ട്രിക്ക് കാറും മറ്റൊന്ന് ഓല സ്കൂട്ടറിന്റെ പുതിയ വേരിയന്റും ആയിരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ.
ഓല ഇലക്ട്രിക്കിന്റെ സി ഇ ഒ ഭവിഷ് അഗർവാൾ ഇതിനുമുമ്പും നിരവധി തവണ ഓല കാറിന്റെ ടീസറുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. എന്നാൽ വാഹനത്തിന്റെ ലോഞ്ചിനെ കുറിച്ചോ മറ്റ് വിവരങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിരുന്നില്ല. എന്നാൽ നിരവധി ഓട്ടോമൊബൈൽ വിദഗ്‌ദ്ധരുടെ വാക്കുകൾ അനുസരിച്ച് പുതുതായി പുറത്തിറങ്ങുന്ന് ഓല കാറിന് ഒറ്റചാർജിൽ 500 കിലോമീറ്ററിലേറെ സഞ്ചരിക്കാനുള്ള ശേഷിയുണ്ടാകും.
ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള ഇലക്ട്രിക്ക് കാറുകളെ അപേക്ഷിച്ച് സ്പോർട്ടീവ് ആയിരിക്കും ഓലയുടെ ഇലക്ട്രിക്ക് കാറെന്നും സംസാരമുണ്ട്. എന്നാൽ വാഹനം നിരത്തിലിറങ്ങാതെ നിർമാതാക്കളുടെ അവകാശ വാദങ്ങളെ കണ്ണുമടച്ച് വിശ്വസിക്കേണ്ടതില്ലെന്നും ഇക്കൂട്ടർ തന്നെ പറയുന്നുമുണ്ട്. ഏതായാലും രണ്ട് ദിവസത്തിനുള്ളിൽ ഓലയുടെ കാർ പുറത്തിറങ്ങുന്നതോടെ ഡിസൈൻ സംബന്ധിച്ച സംശയങ്ങൾക്ക് തീരുമാനമാകും. പക്ഷേ വാഹനം വിപണിയിൽ എത്താൻ വീണ്ടും ദിവസങ്ങൾ പിടിക്കുമെന്നതിനാൽ തന്നെ ഇന്ത്യൻ നിരത്തുകളിൽ വാഹനത്തിന്റെ പെർഫോമൻസ് എത്തരത്തിലായിരിക്കുമെന്നും ഇപ്പോൾ പറയാൻ സാധിക്കില്ല.