kim

സോൾ : കൊവിഡിന് മേൽ വിജയം നേടിയെന്നും ഇനി തങ്ങൾക്ക് മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വേണ്ടെന്നും ഉത്തര കൊറിയയിലെ കിം ജോംഗ് ഉൻ ഭരണകൂടം. രാജ്യത്തെ കൊവിഡ് വ്യാപനത്തിന് നേരത്തെ ഉത്തര കൊറിയ അയൽരാജ്യമായ ദക്ഷിണ കൊറിയയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ രാജ്യം കൊവിഡ് മുക്തമായെന്നും ജനങ്ങൾ ഇനി മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കൊറിയ സെൻട്രൽ ന്യൂസ് ഏജൻസി അറിയിക്കുന്നത്.

അതേ സമയം, ചില മുൻ നിര പ്രദേശങ്ങളിലും അതിർത്തി മേഖലകളിലും മാസ്ക് തുടരും. ഏപ്രിൽ അവസാനമാണ് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കണ്ടെത്തിയതെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ഈ ആഴ്ച ആദ്യം തന്നെ കൊവിഡിനെ കീഴടക്കിയെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയയും യു.എസും കൊവിഡ് വാക്സിനുകൾ വാഗ്ദ്ധാനം ചെയ്തെങ്കിലും കിം ജോംഗ് ഉൻ ഇത് നിരസിച്ചിരുന്നു.

ഏകദേശം 4.8 ദശലക്ഷത്തോളം കൊവിഡ് കേസുകൾ ഉത്തര കൊറിയയിൽ റിപ്പോർട്ട് ചെയ്തതായി കരുതുന്നു. 74 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊവിഡിനെ ' തിരിച്ചറിയപ്പെടാത്ത പനി " എന്നാണ് ഉത്തര കൊറിയ വിശേഷിപ്പിക്കുന്നത്. അതേ സമയം, ഉത്തര കൊറിയയുടെ കൊവിഡ് കണക്കുകളിൽ ലോകാരോഗ്യ സംഘടനയടക്കം സംശയം പ്രകടിപ്പിക്കുന്നുണ്ട്.