putin

മോസ്കോ : യുക്രെയിനിലെ റഷ്യൻ അധിനിവേശം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അലയടിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളാണ് യുക്രെയിനിൽ നിന്ന് പാലായനം ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമാണിപ്പോൾ നടക്കുന്നത്.

ഇനിയൊരു അധിനിവേശം ലോകത്തിന് താങ്ങാനാകില്ല എന്നിരിക്കെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയും റഷ്യൻ മുൻ പ്രസിഡന്റുമായ ഡിമിട്രി മെഡ്‌വഡെവിന്റെ ഡിലീറ്റ് ചെയ്യപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റ് യൂറോപ്പിലാകെ ചർച്ചയാവുകയാണ്.

യുക്രെയിന് ശേഷം റഷ്യയുടെ ' ഹിറ്റ്‌ലിസ്റ്റി"ലെ അടുത്ത രാജ്യത്തെ സൂചിപ്പിക്കുന്ന തരത്തിലെ പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് മെഡ്‌വഡെവ്. ഇന്നത്തെ വടക്കൻ കസഖ്‌സ്ഥാൻ ചരിത്രപരമായി റഷ്യയുടെ ഭാഗമായിരുന്നു എന്നാണ് മെഡ്‌വഡെവിന്റെ പോസ്റ്റിൽ പറയുന്നത്.

മുൻ സോവിയറ്റ് രാജ്യങ്ങളായ ജോർജിയയും കസഖ്‌സ്ഥാനും കൃത്രിമ സൃഷ്ടികളാണെന്നും യുക്രെയിന്റെ തലസ്ഥാനമായ കീവ് പിടിച്ചെടുത്ത ശേഷം റഷ്യ മറ്റ് പ്രദേശങ്ങളിലും അതിന്റെ അതിർത്തി വ്യാപിപ്പിക്കുമെന്നും പോസ്റ്റിൽ പ്രതിപാദിച്ചിരുന്നു. റഷ്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വി.കെയിലായിരുന്നു പോസ്റ്റ്.

ഓഗസ്റ്റ് 2ന് പോസ്റ്റ് ചെയ്ത ഇത് വൈകാതെ ഡിലീറ്റ് ചെയ്യപ്പെട്ടു. മെഡ്‌വഡെവ് അല്ല പോസ്റ്റിട്ടതെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് മെഡ്‌വഡെവിന്റെ വൃത്തങ്ങൾ അറിയിച്ചത്. സോഷ്യൽ മീഡിയ അധികൃതരും ഇക്കാര്യം ആവർത്തിച്ചു. എന്നാൽ, ക്രെംലിന് ഉള്ളിലുള്ളവരുടെ കാഴ്ചപ്പാട് ഇത് തന്നെയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കസഖ്‌സ്ഥാനും പുട്ടിന്റെ ടാർഗറ്റ് ലിസ്റ്റിലുണ്ടെന്ന് കരുതുന്നതായി ഇവർ പറയുന്നു.

കസഖ്‌സ്ഥാൻ ഭരണകൂടത്തോട് പുട്ടിന് അതൃപ്തിയുണ്ടെന്ന് അറിയുന്നു. കസഖ്‌സ്ഥാൻ യുക്രെയിനെ പോലെ പാശ്ചാത്യ രാജ്യങ്ങളോട് അടുക്കുകയാണോ എന്ന് റഷ്യയ്ക്ക് സംശയമുണ്ട്. മദ്ധ്യേഷ്യയിൽ റഷ്യയ്ക്കുള്ള സ്വാധീനമില്ലാതാകാൻ ഇത് കാരണമാകും. കസഖ്‌സ്ഥാനിൽ 1989ൽ 38 ശതമാനമായിരുന്ന റഷ്യൻ വംശജർ ഇന്ന് 18 ശതമാനം മാത്രമാണ്.

ഏതായാലും, ഫെബ്രുവരി മുതൽ തുടരുന്ന യുക്രെയിൻ അധിനിവേശത്തിലൂടെ റഷ്യയുടെ ഭാഗത്ത് കരുതിയതിലും അപ്പുറം നാശനഷ്ടങ്ങളാണുണ്ടായത്. ഇത് നികത്താതെ മറ്റൊരു ആക്രമണത്തിന് റഷ്യ ഒരുങ്ങില്ലെന്ന് ഉറപ്പാണ്. പാശ്ചാത്യ ഉപരോധങ്ങളും റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്.