
ബംഗളൂരു: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ യുവ നടൻ അറസ്റ്റിൽ. ജെ പി നഗർ സ്വദേശിയായ യുവരാജാണ് അറസ്റ്റിലായത്. കേസിൽ ഇയാളുടെ സുഹൃത്തുക്കളായ കാവന, നിധി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു.
എഴുപത്തിമൂന്നുകാരനായ വ്യവസായി നാല് വർഷം മുമ്പാണ് കാവനയെ പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ മാസം കാവനയാണ് വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിയത്. തുടർന്ന് വ്യവസായി ഇരുയുവതികളുമായും അശ്ലീല സന്ദേശങ്ങൾ കൈമാറി.
ഓഗസ്റ്റ് മൂന്നിന് കാണാമെന്ന് ഒരു യുവതി വ്യവസായിയെ അറിയിക്കുകയായിരുന്നു. ഇതുപ്രകാരം സ്ഥലത്ത് എത്തിയ എഴുപത്തിമൂന്നുകാരനെ മൂന്ന് പേർ ബലമായി കാറിൽ കയറ്റുകയും പൊലീസാണെന്ന് അറിയിക്കുകയും ചെയ്തു. അശ്ലീല സന്ദേശങ്ങൾ അയച്ചതിന് യുവതികൾ പരാതി നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
പണം നൽകിയാൽ കേസ് ഒതുക്കി തീർക്കാമെന്ന് പറഞ്ഞപ്പോൾ 3.40 ലക്ഷം രൂപ നൽകി. ചാറ്റുകൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അഞ്ച് ലക്ഷം രൂപ വീണ്ടും നൽകി. പിന്നെയും പണം ആവശ്യപ്പെട്ടതോടെയാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവരാജാണ് മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി.