threat

പ്രശസ്‌ത എഴുത്തുകാരൻ സൽമാൻ റുഷ്‌ദിയ്‌ക്ക് നേരെ വധശ്രമമുണ്ടായതിന് പിന്നാലെ മറ്റൊരു എഴുത്തുകാരിയ്‌ക്ക് നേരെയും വധഭീഷണി. പ്രശസ്‌ത കഥാകൃത്ത് ജെ.കെ റൗളിംഗിനാണ് ട്വിറ്ററിലൂടെ വധഭീഷണി ലഭിച്ചത്. സൽമാൻ റുഷ്‌ദിയ്‌ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ജെ.കെ റോളിംഗ് ട്വിറ്ററിൽ കുറിച്ച പോസ്‌റ്റിന് മറുപടിയായാണ് വധഭീഷണിയെത്തിയത്. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ലോകപ്രശസ്‌തമായ ഹാരിപോട്ടർ സീരീസിന്റെ സ്രഷ്‌ടാവാണ് ജെ.കെ റോളിംഗ്(57).

സൽമാൻ റുഷ്‌ദിയുടെ ആക്രമണത്തെ കുറിച്ച് അപലപിച്ച ശേഷം അദ്ദേഹത്തിന് വേഗം സുഖമാകട്ടെ എന്ന കുറിപ്പിന് ചുവട്ടിലാണ് ഒരാൾ ഒട്ടും പേടിക്കേണ്ട അടുത്തത് നീ തന്നെ. എന്ന് വധഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശം എഴുതിയയാൾ സൽമാൻ റുഷ്‌ദിയെ ആക്രമിച്ച ഹാദി മറ്റാറെ പ്രകീർത്തിച്ച് മറ്റൊരു സന്ദേശവും കുറിച്ചു. ഒരു ഷിയ പോരാളിയാണെന്നും അയത്തുള‌ള ഖൊമൈനിയുടെ ഫത്‌വ അനുസരിക്കുകയാണ് ഹാദി ചെയ്‌തതെന്നും ഇതിൽ പറയുന്നു. സംഭവത്തിൽ പൊലീസിൽ എഴുത്തുകാരി പരാതിപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിവാദമായ പോസ്‌റ്റ് ട്വിറ്റർ പിൻവലിക്കാത്തതിനെ റൗളിംഗ് വിമർശിച്ചു.

'സാത്താനിക് വേഴ്‌സസ്' എന്ന കൃതി പ്രസിദ്ധീകരിച്ചതിന് 1988ൽ ഇറാൻ പരമോന്നത മതനേതാവ് അയത്തുളള ഖൊമൈനി റുഷ്‌ദിയെ വധിക്കാൻ ഫത്‌വാ പുറപ്പെടുവിച്ചിരുന്നു. ബ്രിട്ടണിൽ പൊലീസ് സുരക്ഷയിൽ ജീവിച്ചിരുന്ന റുഷ്‌ദി 20 വർഷം മുൻപ് അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. ആക്രമണത്തിൽ അതീവഗുരുതരാവസ്ഥയിലായ റുഷ്‌ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതോടെ ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരിക്കുന്നു.

.@TwitterSupport any chance of some support? pic.twitter.com/AoeCzmTKaU

— J.K. Rowling (@jk_rowling) August 13, 2022