
ബംഗളൂരു: പിണങ്ങിപ്പോയ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കർണാടകയിലെ ഹോൾ നരസിപൂരിലെ കുടുംബ കോടതിയിൽ ഇന്നലെയായിരുന്നു സംഭവം. ഇരുപത്തിയെട്ടുകാരിയായ ചൈത്രയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച കോടതിയിലെത്തിയ ഇവർക്ക് അടുത്ത ഹിയറിംഗിനുള്ള തീയതി നൽകിയിരുന്നു. തുടർന്ന് ദമ്പതികൾക്ക് ഒരു മണിക്കൂറോളം കൗൺസിലിംഗ് നൽകി. ശേഷം ചൈത്ര വാഷ്റൂമിൽ പോയി. പിന്തുടർന്നെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു.
കോടതി ജീവനക്കാർ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഗാർഹിക പീഡനത്തിന് ഇയാളുടെ പേരിൽ യുവതി മുൻപ് പരാതി നൽകിയിരുന്നു.