
പഴത്തൊലിയിൽ തെന്നിവീഴുന്നത് പഴയകാല സിനിമകളിലും, കോമഡിസ്കിറ്റുകളിലും കാണികളെ ചിരിപ്പിക്കുവാനുള്ള ഒരു നമ്പരായിരുന്നു. എന്നാൽ പഴത്തൊലിയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളെ കുറിച്ച് ശാസ്ത്രലോകം നൽകുന്ന അറിവ് അദ്ഭുതപ്പെടുത്തുന്നതാണ്. നാം വലിപ്പെറിയുന്ന പഴത്തൊലി ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇതിൽഅടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ ത്വക്കിനെ ഈർപ്പമുള്ളതാക്കുവാനും, നീർവീക്കം കുറയ്ക്കാനും, മുഖക്കുരുവിനെ നിയന്ത്രിക്കുവാനും കഴിവുള്ളതാണ്.
എ സി എസ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പഴത്തൊലി ഉണക്കി പൊടിച്ചതുമായി ചേർത്ത് ഉണ്ടാക്കിയ കുക്കീസിൽ പോഷക ഗുണങ്ങൾ വർദ്ധിച്ചതായി കണ്ടെത്തി. ഇതിന് പുറമേ ഈ ഉത്പന്നങ്ങൾ കേടുകൂടാതെ കൂടുതൽ ദിവസങ്ങൾ ഇരിക്കുന്നതായും കണ്ടെത്തി. ഗോതമ്പ് മാവിനൊപ്പമാണ് പഴത്തൊലി പൊടിച്ച മാവ് ചേർത്തത്. പഴത്തൊലി പൊടിച്ചതിന്റെ അളവ് കൂട്ടുന്നതിനൊപ്പം കുക്കികളുടെ പോഷക ഗുണങ്ങളിലും വ്യത്യാസമുണ്ടായി. കുക്കികളുടെ കാഠിന്യം വർദ്ധിക്കുകയും, അതിനൊപ്പം ആന്റിഓക്സിഡന്റ് ഗുണങ്ങൾ കൂടുകയും ചെയ്തു. വെണ്ണ, പാൽപ്പൊടി, പൊടിച്ച പഞ്ചസാര, സസ്യ എണ്ണ, ഗോതമ്പ് മാവ് എന്നിവ ഉപയോഗിച്ചാണ് ഈ കുക്കികൾ നിർമ്മിച്ചത്. പഴുത്ത് കേടാവാത്ത വാഴപ്പഴത്തിന്റെ തൊലിയാണ് ഇതിനായി ശേഖരിച്ചത്. ഇത് ഉണക്കി തൊലികൾ പൊടിച്ച് മാവ് ആക്കുകയായിരുന്നു.