shinde-fadnavis

മുംബയ്: മഹാരാഷ്ട്ര മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുക ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ആഭ്യന്തരവും ധനകാര്യവും ഉൾപ്പെടെയുള്ള വകുപ്പുകൾ ഫഡ്നാവിസിന് ലഭിച്ചപ്പോൾ മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡേയ്ക്ക് ലഭിച്ചത് നഗരവികസന വകുപ്പാണ്. ഒരാഴ്ച മുമ്പാണ് ഏക്നാഥ് ഷിൻഡേ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ബി ജെ പിയും ശിവസേനയും തമ്മിലുള്ള ഭിന്നതയാണ് വകുപ്പ് വിഭജനം ഇത്രയേറെ വൈകാൻ കാരണമെന്ന് വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞയാഴ്ച മുൻ മഹാരാഷ്ട്ര മന്ത്രി സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ബി ജെ പിയുടെ വിരോധം ക്ഷണിച്ചുവരുത്തിയിരുന്നു. മഹാരാഷ്ട്രയിലെ ടിക് ടോക്ക് താരത്തിന്റെ ആത്മഹത്യയിൽ സഞ്ജയ് റാത്തോ‌ഡിന് പങ്കുണ്ടെന്ന് നേരത്തെ ബി ജെ പി ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതുടർന്നാണ് സഞ്ജയ് റാത്തോഡ് ഉദ്ദവ് താക്കറെ മന്ത്രിസഭയിൽ നിന്ന് രാജിവക്കുന്നത്. ബി ജെ പിയുടെ സമ്മർദ്ദത്തെ തുടർന്ന് രാജിവച്ച് സഞ്ജയ് റാത്തോഡിനെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ചിത്ര വാഗ് വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സഞ്ജയ് റാത്തോഡിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകുന്ന മന്ത്രിസഭയിൽ റാത്തോഡിനെ ഉൾപ്പെടുത്തുന്നതിന്റെ ഔചിത്യം പല ബി ജെ പി അംഗങ്ങളും ചൂണ്ടികാണിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ സഞ്ജയ് റാത്തോഡിന് ഉറച്ച പിന്തുണ നൽകിയതോടെ സർക്കാരിനുള്ളിലെ അസ്വാരസ്യങ്ങൾ പുറത്തുവരികയായിരുന്നു, കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തന്നെ സഞ്ജയ് റാത്തോ‌ഡിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതാണെന്നും അതിനാൽ തന്നെ റാത്തോഡ് മന്ത്രിയാകുന്നതിൽ കുഴപ്പമില്ലെന്നുമായിരുന്നു ഷിൻഡേയുടെ നിലപാട്.