rushdie

ന്യൂയോർക്ക്: അമേരിക്കയിൽ അക്രമിയുടെ മാരകമായ കുത്തേറ്റ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്ദിയുടെ (75) ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന റുഷ്‌ദി ഡോക്ടർമാരോട് സംസാരിച്ചെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കരളിനും കൈഞരമ്പുകൾക്കും സാരമായ മുറിവേറ്റിരുന്നു. ഒരു കണ്ണിനും തകരാറുണ്ട്.

വെള്ളിയാഴ്ച ന്യൂയോർക്കിലെ ഷറ്റോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രഭാഷണത്തിന് ഒരുങ്ങിയ റുഷ്ദിയെ ന്യൂജെഴ്സി ഫെയർവ്യൂ സ്വദേശിയായ ഹാദി മറ്റാർ ( 24 ) സ്റ്റേജിൽ കയറി കുത്തി വീഴ്‌ത്തുകയായിരുന്നു.

കഴുത്തിലും വയറിലും പത്തിലേറെ കുത്തേറ്റു. അക്രമിക്കെതിരെ വധശ്രമത്തിനുള്ള കു​റ്റം ചുമത്തിയിട്ടുണ്ട്. ഇറാൻ അനുകൂലിയെന്ന് കരുതുന്ന ലെബനൻ വംശജനായ ഇയാൾ കുറ്റംസമ്മതിച്ചിട്ടില്ല. ആക്രമണകാരണവും വ്യക്തമല്ല. ന്യൂയോർക്ക് കോടതി റിമാൻഡ് ചെയ്ത പ്രതിയെ ഷറ്റോക്വ കൗണ്ടി ജയിലിലേക്ക് മാറ്റി.

1988ൽ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് എന്ന വിവാദ നോവലിന്റെ പേരിൽ മതനിന്ദ ആരോപിച്ച് ഇറാനിലെ പരമോന്നത മതനേതാവായിരുന്ന അയത്തൊള്ള റൂഹുള്ള ഖൊമൈനി റുഷ്ദിയെ വധിക്കാൻ മതശാസന പുറപ്പെടുവിച്ചിരുന്നു. പത്തു വർഷത്താേളം ബ്രിട്ടനിൽ സുരക്ഷാ ഭടൻമാരുടെ കാവലിൽ ഒളിവിൽ കഴിഞ്ഞ റുഷ്ദി ഇരുപത് വർഷമായി അമേരിക്കയിലാണ്.

റുഷ്ദി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മറ്റാറെ അഭിനന്ദിച്ചുകൊണ്ടുള്ള വാർത്തകൾ ഇറാനിയൻ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

പിന്തുണയുമായി ബൈഡൻ

സൽമാൻ റുഷ്ദിയെ ആക്രമിച്ചതിനെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണം ക്രൂരവും ഞെട്ടിക്കുന്നതാണെന്നും എഴുത്തുകാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ബൈഡൻ അറിയിച്ചു.