
കൊളംബോ : ആണവ, മിസൈൽ, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകൾ ചോർത്താൻ കഴിയുന്ന ചൈനയുടെ ചാരക്കപ്പലായ യുവാൻ വാംഗ് 5 നാളെ ശ്രീലങ്കൻ തുറമുഖമായ ഹാംബൻതോട്ടയിലെത്തും. 22 വരെ കപ്പൽ ഹാംബൻതോട്ടയിൽ തുടരുമെന്നാണ് ശ്രീലങ്കൻ അധികൃതർ നൽകുന്ന വിവരം.
അതേ സമയം, ചൈനയുടെ ഹൈടെക്ക് ' ഗവേഷണ " കപ്പലായ യുവാൻ വാംഗിനെ പ്രവേശിപ്പിക്കാൻ ശ്രീലങ്ക അനുവാദം നൽകിയ പശ്ചാത്തലത്തിൽ ഏതുതരത്തിലുള്ള വെല്ലുവിളികൾ ഉയർന്നാലും ഫലപ്രദമായി നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
കപ്പലിന്റെ വരവ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇന്ത്യ അറിയിച്ചിട്ടും അത് അവഗണിച്ചാണ് ശ്രീലങ്ക കഴിഞ്ഞ ദിവസം കപ്പലിന്റെ പ്രവേശനത്തിന് അനുമതി നൽകിയത്. കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന് കാട്ടി ശ്രീലങ്ക കൊളംബോയിലെ ചൈനീസ് എംബസിയ്ക്ക് കത്ത് നൽകിയിരുന്നെങ്കിലും ചൈന ഇത് അംഗീകരിച്ചിരുന്നില്ല. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ചൈനീസ് കമ്പനി പാട്ടത്തിനെടുത്തിരിക്കുന്ന ഹാംബൻതോട്ടയിലേക്ക് യുവാൻ വാംഗ് എത്തുന്നത്.