
തായ്‌പെയ്: നാൻസി പെലോസിയുടെ സന്ദർശനത്തിന്പിന്നാലെ സംഘർഷ ഭരിതമായ തായ്‌വാനിലേക്ക് വീണ്ടും അമേരിക്കൻ സംഘമെത്തി. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് അമേരിക്കൻ സംഘം തായ്‌വാനിലെത്തിയത്. നേരത്തെ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാൻ അതിർത്തിയിൽ ചൈന സൈനിക അഭ്യാസം നടത്തിയിരുന്നു.
മാസചൂസറ്റ്സ് സെനറ്റർ എഡ് മാർക്കേയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അമേരിക്കൻ സംഘമാണ് തായ്‌വാനിലെത്തിയത്. സംഘം തായ്‌വാൻ പ്രസിഡന്റ് സയ് ഇങ് വെന്നുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിയുടെ വിരുന്നിലും സംഘം പങ്കെടുക്കും.
അതേസമയം ചൈനയുമായുള്ള സംഘർഷത്തിൽ തങ്ങൾക്കൊപ്പം നിന്നതിന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തായ്‌വാൻ നന്ദി അറിയിച്ചു. ചൈനയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്ത അമ്പത് രാജ്യങ്ങളെയും അവിടുത്തെ പാർലമെന്റ് അംഗങ്ങളോടും നന്ദി അറിയിക്കുന്നതായി തായ്‌വാൻ പ്രസ്താവനയിൽ പറഞ്ഞു.