
ലണ്ടൻ : പല തരത്തിലുള്ള ഹോബികളെ പറ്റി നാം കേട്ടിട്ടുണ്ട്. ചിലർക്ക് എന്തെങ്കിലും വസ്തുക്കൾ ശേഖരിക്കുന്നതായിരിക്കും ഹോബി. ചിലർക്ക് വായന, സംഗീതം, യാത്ര ഒക്കെ ഇഷ്ടവിനോദങ്ങളാണ്.
മൺമറഞ്ഞ ലോകപ്രശസ്തരായ വ്യക്തികളെ സംസ്കരിച്ചിരിക്കുന്ന ഇടം തേടി പോകുന്നതാണ് മദ്ധ്യഇംഗ്ലണ്ടിലെ വുൾവർഹാംപ്റ്റൺ സ്വദേശിയായ മാർക്ക് ഡബ്ബ്‌സിന്റെ വിനോദം. വെറും വിനോദമെന്ന് പറയാനാകില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ലേറെ പ്രശസ്തരുടെ കല്ലറകളാണ് ഇദ്ദേഹം സന്ദർശിച്ചിട്ടുള്ളത്. ഇതിനായി 160,000 പൗണ്ടാണ് ( 1,54,69,560 രൂപ) ഇദ്ദേഹം ചെലവഴിച്ചത്.
വാഷിംഗ്ടൺ ഡി.സിയിൽ യു.എസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കല്ലറ മുതൽ ലോസ്ആഞ്ചലസിൽ ഹോളിവുഡ് താരറാണി മെർലിൻ മൺറോ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് വരെ 57 കാരനായ മാർക്ക് പോയിട്ടുണ്ട്.
തന്റെ ഈ യാത്ര ഉടനൊന്നും അവസാനിപ്പിക്കില്ലെന്ന് മാർക്ക് പറയുന്നു. മുൻ പ്രധാനമന്ത്രിമാരുടെയടക്കം ബ്രിട്ടണിലെ കല്ലറകളാണ് മാർക്കിന്റെ ലിസ്റ്റിൽ ഏറ്റവും കൂടുതലുള്ളത്. ചരിത്രവും ലോകകാര്യങ്ങളുമാണ് മാർക്കിന് ഇഷ്ടം. ഇനി മോസ്കോയിലെത്തി സ്റ്റാലിന്റെ സ്മാരകം സന്ദർശിക്കണമെന്ന് നഴ്സ് കൂടിയായ മാർക്ക് പറയുന്നു.
ഹോളിവുഡ് നടൻ ബ്രൂസ്‌ലീ, അദ്ദേഹത്തിന്റെ മകനും നടനുമായ ബ്രണ്ടൻ ലീ ( സിയാറ്റിൽ ), മാവോ സെ തൂംഗ് ( ബീജിംഗ് ), ബിഥോവൻ ( വിയന്ന), വിൻസ്റ്റൺ ചർച്ചിൽ ( ഓക്സ്ഫഡ്ഷെയർ ), ലീ ഹാർവി ഓസ്‌വാൾഡ് ( ടെക്സസ് ), ചാർലി ചാപ്ലിൻ ( സ്വിറ്റ്‌സർലൻഡ് ), ആർച്ച് ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനന്റ് ( ഓസ്ട്രിയ ), നെപ്പോളിയൻ ബൊണപ്പാർട്ട് ( പാരീസ് ), ജെയ്‌ൻ ഓസ്റ്റൻ ( വിൻചെസ്റ്റർ ) തുടങ്ങിയവരുടെ കല്ലറകളും മാർക്ക് സന്ദർശിച്ചവയുടെ കൂട്ടത്തിൽപ്പെടുന്നു.