modi

ന്യൂഡൽഹി: 75ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ കടലാസ് കുറിപ്പുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ടെലിപ്രോംപ്‌ടർ ഒഴിവാക്കിയാണ് മോദി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചത്. ചെങ്കോട്ടയിലെ അദ്ദേഹത്തിന്റെ ഒൻപതാമത് പ്രസംഗമായിരുന്നു ഇത്.

പ്രസംഗം ആരംഭിച്ചത് മുതൽ തന്നെ പ്രധാനമന്ത്രി ടെലിപ്രോംപ്ടർ ഒഴിവാക്കിയിരുന്നു. ഒന്നരമണിക്കൂർ നീണ്ട പ്രസംഗത്തിൽ അദ്ദേഹത്തിന്റെ മനസിൽ നിന്ന് വന്ന വാക്കുകളായിരുന്നു ജനങ്ങളിലേക്ക് എത്തിയത്. കടലാസ് കുറിപ്പുകളുടെ സഹായം ഇടയ്ക്ക് മാത്രം ഉപയോഗിച്ചു. ത്രിവർണ പതാകയെ അനുസ്മരിപ്പിക്കുന്ന തലപ്പാവ് അണിഞ്ഞാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്ഘട്ടിലെത്തി പ്രണാമം അർപ്പിച്ച് ദേശീയ പതാക ഉയർത്തിയതിന് ശേഷമായിരുന്നു പ്രസംഗം. ഐതിഹാസിക ദിനമാണിന്ന് എന്ന പരാമർശത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്റു, സുബാഷ് ചന്ദ്ര ബോസ്, വി ഡി സവർക്കർ, അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ, റാണി ലക്ഷ്മി ഭായ്, ഭഗത് സിംഗ്, രാജ്ഗുരു, രാംപ്രസാദ് ബിസ്മിൽ തുടങ്ങിയവരെ അദ്ദേഹം പ്രസംഗത്തിൽ അനുസ്മരിച്ചു.

ഇനി വരാനുള്ള 25 വർഷം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് അഞ്ച് ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കൽ, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യം, പൗരന്റെ കടമ നിറവേറ്റൽ എന്നിവയാണ് 2047ൽ പൂർത്തീകരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങൾ (പാഞ്ച് പ്രാൺ) എന്ന് മോദി വ്യക്തമാക്കി . രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യ അടിമത്ത മനോഭാവത്തിൽ നിന്ന് പൂർണമായി സ്വാതന്ത്ര്യം നേടണമെന്നും അദ്ദേഹം പറഞ്ഞു.