song

ബഹിരാകാശത്തും അറബ് നാട്ടിലും അമേരിക്കയിലും റഷ്യയിലുമെല്ലാം അഭിമാനത്തോടെ ഇന്ത്യൻ പതാക പാറിപ്പറക്കുന്ന കാഴ്‌ചയും വിവരങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ നാം കണ്ടു. എന്നാൽ ഇതിലേറെ ഹൃദ്യമായ ഒരു സ്വാതന്ത്ര്യദിന സമ്മാനം വന്നിരിക്കുകയാണ്. അതും പാകിസ്ഥാനിൽ നിന്ന്.

പാകിസ്ഥാനിലെ സംഗീതജ്ഞനായ സിയാൽ ഖാൻ തന്റെ തന്ത്രിവാദ്യമായ റുബാബിൽ നമ്മുടെ ദേശീയഗാനമായ ജനഗണമന ഭംഗിയായി വായിച്ചു. 'അതിർത്തിയ്‌ക്കപ്പുറമുള‌ള എന്റെ കാഴ്‌ചക്കാർക്ക് ഇതാ ഒരു സമ്മാനം' എന്ന കുറിപ്പോടെ പാകിസ്ഥാന്റെയും ഇന്ത്യയുടെയും കൊടിയും ചേർത്താണ് സിയാൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

ഓഗസ്‌റ്റ് 14ന് രാത്രി പോസ്‌റ്റ് ചെയ്‌ത വീഡിയോ ഇതുവരെ പത്ത് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. 56000ത്തോളം ലൈക്കുകളും നേടി. ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധമുണ്ടാകാനും സഹിഷ്‌ണുതയും സമാധാനവും ഉണ്ടാകാനുമാഗ്രഹിച്ചാണ് തന്റെ പോസ്‌റ്റ് എന്നും സിയാൽ ഖാൻ കുറിച്ചു.

Here’s a gift for my viewers across the border. 🇵🇰🇮🇳 pic.twitter.com/apEcPN9EnN

— Siyal Khan (@siyaltunes) August 14, 2022