oxygen

പത്തനംതിട്ട: ഓക്‌സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിരുവല്ല പടിഞ്ഞാറേ വെൺപാലയിലെ രാജൻ ശ്വാസവായു ലഭിക്കാതെ മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി. പരാതിയെക്കുറിച്ച് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്.

മാദ്ധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കമ്മീഷൻ നടപടിയെടുത്തത്. തിരുവല്ലാ താലൂക്ക് ആശുപത്രിയിലെത്തിച്ച രാജനെ ആലപ്പുഴ വണ്ടാനം മെ‌ഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെങ്കിലും ആംബുലൻസിൽ വച്ച് മരിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്കുള‌ള യാത്രയ്‌ക്കിടെ സിലിണ്ടർ തീർന്നുപോയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.