
മൈക്ക് എന്ന സിനിമയിൽ മികച്ച പെർഫോ മൻസോടെ മലയാളത്തിൽനായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രഞ്ജിത് സജീവ്.വ്യവസായിയായ പി.കെ. സജീവിന്റെയും ആനിയുടെയും മകനായി ദുബായിൽ ജനിച്ചു വളർന്ന രഞ്ജിത്ത് സിവിൽ എൻജിനീയറാണ്. അച്ഛന്റെയും അമ്മയുടെയും പിന്തുണയാണ് തന്റെ ഏറ്റവും വലിയ ആത്മവിശ്വാസമെന്ന് രഞ്ജിത്ത് പറയുന്നു. രഞ്ജിത്തിന്റെ വിശേഷങ്ങളിലേക്ക്...
മൈക്കിലേക്ക് എങ്ങനെയെത്തി?
സ്കൂളിലും കോളേജിലും ഒക്കെ നിരവധി പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു. കോളേജിൽ പഠിക്കുമ്പോൾ സോഷ്യൽ മീഡിയയിലൂടെ മോണോലോഗ് വീഡിയോകളും ചെയ്തിരുന്നു. മൈക്കിന്റെ ഓഡിഷൻ നടക്കുന്ന സമയത്ത് ഡയറക്ടർ അവ കാണുകയും ചിത്രത്തിലേക്ക് എന്നെ വിളിക്കുകയുമായിരുന്നു. ഞാൻ ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചതിന് ശേഷമാണ് ജോൺ എബ്രഹാം സർ ആണ് ഈ സിനിമ നിർമ്മിക്കുന്നത് എന്ന് മനസ്സിലാക്കിയത്. അപ്പോൾ ഒരുപാട് സന്തോഷം തോന്നി. മൈക്കിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം ആയിട്ടാണ് കരുതുന്നതും.
മൈക്ക് കാലിക പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്നു? 
ഒരു പാൻ ഇന്ത്യൻ സിനിമയാണ്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു കഥ. സാറയുടെയും ആന്റണിയുടെയും കഥാപാത്രങ്ങളെ ചുറ്റുപറ്റിയാണ് കഥ മുന്നോട്ട് പോകുന്നതും. രണ്ടുപേർക്കും തുല്യ പ്രാധാന്യമുള്ള ഒരു രീതിയിലാണ് അത് ഡിസൈൻ ചെയ്തിരിക്കുന്നതും. ഇനി ജീവിക്കേണ്ട എന്ന് വിശ്വസിക്കുന്ന ഒരാൾക്കൊപ്പം സാറ കൂടി ചേരുമ്പോൾ അയാളുടെ ജീവിതത്തിൽ വരുന്ന മാറ്റമാണ് സിനിമ അടയാളപ്പെടുത്തുന്നത്. അത് രണ്ടുപേർക്കും ഒരു തരത്തിൽ വലിയ പ്രതീക്ഷയാണ് നൽകുന്നതും.
വിഷ്ണു ശിവപ്രസാദ് എന്ന സംവിധായകൻ? 
വിഷ്ണു ശിവപ്രസാദ് നല്ല ഒരു പെർഫെക്ഷനിസ്റ്റ് ആണ്. തന്റെ സിനിമയ്ക്ക് ഒരു ഫ്രെയിം വെച്ച് കഴിഞ്ഞാൽ അതിനെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് തന്റെ സിനിമയെക്കുറിച്ച് നല്ല കാഴ്ചപ്പാടുകൾ ഉണ്ടെന്നാണ് മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹം കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി ഞങ്ങൾക്ക് പറഞ്ഞുതരികയും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. അത് ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. അതുകൊണ്ടുകൂടിയാണ് ഈ ക്യാരക്ടറിനെ എനിക്ക് ഏറ്റവും ബെസ്റ്റ് ആയിട്ട് ചെയ്യാൻ പറ്റിയത് എന്നാണ് ഞാൻ വിശ്വസിക്കുന്നതും. 
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ? 
അവയൊക്കെ നാച്ചുറൽ ആയിട്ടാണ് എടുത്തത്. റോപ്പ് അല്ലെങ്കിൽ മറ്റു സേഫ്ടി ഉപരണങ്ങൾ ഒന്നും ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആ സമയത്ത് ചില പ്രശ്നങ്ങൾ ഉണ്ടായി. നടുവൊക്കെ ഉളുക്കുക അങ്ങനെയുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ. പക്ഷേ നാച്ചുറൽ ആയിട്ട് എടുത്തതിന്റെ ഒരു ഭംഗി ചിത്രത്തിൽ കാണാനുണ്ട്. അതെല്ലാം നല്ല എക്സ്പീരിയൻസ് ആയിരുന്നു. ആദ്യ സിനിമയിൽ തന്നെ ഇത്രയും നല്ല സ്റ്റണ്ട് ഒക്കെ ചെയ്യാൻ സാധിച്ചതിൽ സന്തോഷം. വീട്ടുകാരാണ് എനിക്ക് എല്ലാവിധ സപ്പോർട്ടും തരുന്നത്. അവർ സപ്പോർട്ട് ചെയ്തത് കൊണ്ടാണ് എനിക്ക് ഇത്രയും നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് ഇങ്ങനെ ഒരു പാഷൻ ഉണ്ടെന്ന് ചെറുപ്പത്തിൽ തന്നെ അവർ തിരിച്ചറിഞ്ഞു. അവർ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഡിഗ്രി എടുത്തതിനു ശേഷം ഇഷ്ടമുള്ള മേഖല തിരിഞ്ഞെടുക്കാനുള്ള അനുമതി അവർ എനിക്ക് തന്നിരുന്നു. ഒപ്പം ആദ്യ ചിത്രത്തിൽ തന്നെ നായകനാവുക, അത് ജോൺ എബ്രഹാം സർ പ്രൊഡ്യൂസ് ചെയ്യുക ഇതൊക്കെ വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്.
പുതിയ ചിത്രങ്ങൾ ? 
ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. കഥാപാത്രം എനിക്കിഷ്ടപ്പെട്ടാൽ അത് എനിക്ക് നന്നായി റിലേറ്റ് ചെയ്യാൻ പറ്റുമെങ്കിൽ ഉറപ്പായും ചെയ്യും. കഥാപാത്രത്തെ ഒരു നടൻ എന്ന നിലയിൽ എന്നെ വിശ്വസിച്ച് ഏൽപ്പിക്കുന്ന ഒരു ഡയറക്ടർക്ക് എന്റെ കഴിവിന്റെ നൂറു ശതമാനവും കൊടുക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് കൊടുക്കാൻ ഉറപ്പുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കണം എന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. സിനിമ തന്നെയാണ് എന്റെ പാഷനും ജീവിതവും. ആ വഴിയിലൂടെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്.