sheikh-hamdan

ദുബായ്: തന്റെ സെലിബ്രിറ്റി പദവി നോക്കാതെ സാധാരണക്കാരോടൊപ്പം കൂടുന്ന പ്രകൃതക്കാരനാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും. അതിനാൽ തന്നെ യുവാക്കൾക്കിടയിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഇൻസ്റ്റഗ്രാമിൽ മാത്രം ഒന്നരക്കോടിയോളം പേരാണ് ഷെയ്ഖ് ഹംദാനെ ഫോളോ ചെയ്യുന്നത്. ഇത്രയും ഉയർന്ന സ്ഥാനത്തിരിക്കുമ്പോഴും സാധാരണക്കാരുമായി അടുത്തിടപഴകാനും, ലളിതമായ ജീവിതം നയിക്കാനും ഷെയ്ഖ് ഹംദാൻ കാണിക്കുന്ന മനസാണ് ഏവരെയും ആകര്‍ഷിക്കുന്നത്.

പലപ്പോഴും സ്വന്തം പദവി വെളിപ്പെടുത്താതെ അദ്ദേഹം യാത്രകൾ നടത്താറുണ്ട്. അതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. അതിനെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ലണ്ടനിൽ അവധിയാഘോഷത്തിലാണ് ഷെയ്ഖ് ഹംദാൻ. ഇതിനിടെ അണ്ടര്‍ഗ്രൗണ്ട് ഗതാഗത സൗകര്യമായ ലണ്ടൻ ട്യൂബില്‍ സുഹൃത്തുമൊത്ത് സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. ബദര്‍ അതീജ് എന്ന സുഹൃത്താണ് ഇദ്ദേഹത്തിനൊപ്പമുള്ളത്.

'ഏറെ ദൂരം പോകാനുണ്ട്- ബദര്‍ ആണെങ്കില്‍ ഇപ്പോഴേ ബോറടിച്ചുതുടങ്ങി...'- എന്ന അടിക്കുറിപ്പോടെയാണ് ഷെയ്ഖ് ഹംദാൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്ക് മൂലം ഷെയ്ഖ് ഹംദാനും സുഹൃത്തും നിന്നാണ് യാത്ര ചെയ്യുന്നത്. പുറകില്‍ യാത്രക്കാരെയും കാണാം. ആരും ഇദ്ദേഹത്തെയോ സുഹൃത്തിനെയോ തിരിച്ചറിഞ്ഞിട്ടില്ലെന്നതും ചിത്രത്തിൽ വ്യക്തമാണ്.

View this post on Instagram

A post shared by Fazza (@faz3)