
ഒഴിഞ്ഞ താളുകൾ
--------------------------
വെളുത്ത വിരിയിട്ട
മെത്ത,
വെൺമേഘത്തിന്റെ
നരച്ച തലമുടി
പോലെ ജാലകശീല
നാലുചുറ്റിലും വെള്ള
വീശിയ ചുമരുകൾ
കാലുകുത്തുവാൻ വെണ്ണ
ക്കല്ലുപാകിയ നിലം
അല്ലല്ല! വെറും തോന്നൽ!
ചിതറിക്കിടക്കുന്നൂ
ഒന്നുമേ കുറിക്കാത്ത
കടലാസുകൾ! പ്രാവിൻ
ചിറകറ്റതുപോലെ...
ഉറങ്ങാത്തവളുടെ
ചിട്ടകൾ മറക്കുന്ന
വാസരങ്ങളെപ്പോലെ...
പൊടിമൂടിയ രൂപം
വിരലിൽ മഷിക്കറ
മനസ്സിൽ നിരന്തരം
ഭ്രാന്തു കോറിയ കല
ഞാനെന്ന കരിനിഴൽ
മരവിപ്പിക്കും വെള്ള
പ്പൂപ്പലാൽ മൂടപ്പെട്ടീ
വെളുപ്പിൽ പതിക്കുന്നു
--------------------------------------------
ദ്വന്ദ്വം
പത്തികൾ രണ്ടുള്ള
പാമ്പിനെപ്പോലെന്റെ
ഹൃത്തിലുദിക്കും
വിചിത്രവികാരമേ
അസ്ഥിഭേദിക്കുന്ന
പ്രേമവും തീവ്രമാം
തിക്തവിദ്വേഷവും
ചേർന്നൊരാകാരമേ
നിന്റെ നൃത്തം കണ്ടു
മോഹിച്ചു പാടുവാൻ
നിന്റെ വിഷം തീണ്ടി
മൂർഛിച്ചുവീഴുവാൻ
കണ്ണടയ്ക്കുമ്പോൾ
കിനാവിൽ വരുന്നൊരാൾ
ഉന്മാദിയാം ഭ്രഷ്ട
യക്ഷനോ ഭിക്ഷുവോ!