
നെയ്‌പിഡോ: മ്യാൻമർ മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ഓംഗ് സാൻ സൂചിക്ക്(77) ആറ് വർഷം തടവ്. അഴിമതിക്കേസുകളിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് മ്യാൻമറിലെ പട്ടാള കോടതി ശിക്ഷ വിധിച്ചത്. നെയ്‌പിഡോയിലെ ജയിലിൽ ഏകാന്ത തടവിൽ കഴിയുന്ന സൂചിക്ക് നേരത്തെ വിവിധ കേസുകളിലായി 11 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മ്യാൻമറിയിലെ സൈനിക അട്ടിമറിയെത്തുടർന്ന് സൂചി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.
ആരോഗ്യ, വിദ്യാഭ്യാസ ഉന്നമനത്തിനായി സൂചി സ്ഥാപിച്ച ' ഡോ ഖിൻ കീ "ഫൗണ്ടേഷനിലെ ഫണ്ട് വീട് പണിക്ക് ദുരുപയോഗിച്ചു, സർക്കാർ ഭൂമി കുറഞ്ഞ വിലയ്ക്ക് പാട്ടത്തിനെടുത്തു എന്നീ കുറ്റങ്ങളിലാണ് ഇപ്പോൾ സൂചിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ആരോപണങ്ങൾ സൂചി നിഷേധിച്ചു.