fire

തൃശൂർ: മുല്ലശേരിയിൽ തിന്നർ ഒഴിച്ച് അമ്മയെ തീവച്ചുകൊന്ന മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മുല്ലശേരി സ്വദേശി ഉണ്ണിക്കൃഷ്‌ണനാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാകോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. 2020 മാർച്ച് പതിനൊന്നാണ് അമ്മയായ വള‌ളിയമ്മുവിനെ തീകൊളുത്തി ഉണ്ണിക്കൃഷ്‌ണൻ കൊലപ്പെടുത്തിയത്.

ഓട്ടോറിക്ഷയ്‌ക്ക് പെയിന്റടിക്കാൻ വീട്ടിൽവാങ്ങി സൂക്ഷിച്ച തിന്നർ വഴക്കിനെത്തുടർന്ന് ഉണ്ണിക്കൃഷ്‌ണൻ എടുത്ത് വള‌ളിയമ്മുവിന്റെ ദേഹത്തൊഴിക്കുകയായിരുന്നു. 95 ശതമാനം പൊള‌ളലേറ്റ വള‌ളിയമ്മു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. താഴ്‌ന്ന ജാതിക്കാരനെ വിവാഹം കഴിച്ച ഉണ്ണിക്കൃഷ്‌ണന്റെ സഹോദരിയെ കാണാൻ വള‌ളിയമ്മു പോയിരുന്നു. ഇതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണം. തലവഴി തിന്നർ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

മുൻപ് വഴക്കുണ്ടാക്കി അമ്മയുടെ വായിൽ ടോർച്ച് ബലമായി കയറ്റിയ കേസിൽ ഉണ്ണിക്കൃഷ്‌ണൻ ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്. ഈ കേസിൽ ഇയാളെ ജാമ്യത്തിലിറക്കിയതും വള‌ളിയമ്മുവായിരുന്നു. കൊലപാതകം കണ്ട അയൽവാസിയുടെ മൊഴിയും തെളിവുകളും ഉണ്ണിക്കൃഷ്‌ണന് എതിരായി. തീപടരവെ മകൻ ചതിച്ചുവെന്ന് അയൽവാസിയോട് വള‌ളിയമ്മ പറഞ്ഞിരുന്നു.