
കറാച്ചി : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.എം.എൽ - എൻ ( പാകിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് ) നേതാവുമായ നവാസ് ഷെരീഫ് അടുത്ത മാസം രാജ്യത്ത് തിരിച്ചെത്തിയേക്കുമെന്ന് സൂചന.
മടങ്ങിയെത്തലിന് ഡോക്ടർമാർ അനുകൂല തീരുമാനം അറിയിച്ചെന്നും മടങ്ങിയെത്തുന്ന നവാസിനെ ജയിലിലേക്ക് അയക്കില്ലെന്ന് ഉറപ്പാക്കുമെന്നും പി.എം.എൽ - എൻ പഞ്ചാബ് പ്രവിശ്യാ വക്താവും ഫെഡറൽ മന്ത്രിയുമായ ജാവേദ് ലതീഫ് പറഞ്ഞു.
സഹോദരൻ ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയായതിന് പിന്നാലെ നവാസ് ഷെരീഫ് വൈകാതെ തിരിച്ചെത്തുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ അറിയിച്ചിരുന്നു. 2018ൽ അഴിമതി കേസുകളിൽ നവാസ് ഷെരീഫിന് 11 വർഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും ചികിത്സയ്ക്കായി തൊട്ടടുത്ത വർഷം ലണ്ടനിലേക്ക് പോകാൻ കോടതി അനുവാദം നൽകുകയായിരുന്നു.