narayan

കൊച്ചി: ആദിവാസി ജീവിതത്തെയും അവർ നേരിടുന്ന പ്രശ്‌നങ്ങളെയും രചനകളി​ലൂടെ സമൂഹത്തിന്റെ മുന്നി​ലെത്തി​ച്ച സാഹിത്യകാരനായിരുന്നു നാരായൻ.

പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നാരായന് കൊവിഡ് സ്ഥി​രീകരി​ച്ചത്. തുടർന്ന് വീട്ടിലെത്തി വിശ്രമിക്കുമ്പോൾ ഇന്നലെ വൈകിട്ടോടെ നില വഷളായി. വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല.

ഇടുക്കി കുടയത്തൂരിൽ ചാലപ്പുറത്തു രാമന്റെയും കൊച്ചൂട്ടിയുടെയും മകനായി 1940 സെപ്തംബർ 26ന് ജനിച്ച നാരായൻ മലയരയന്മാരെക്കുറിച്ച് എഴുതിയ നോവലായ കൊച്ചരേത്തിക്ക് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. 1999ലാണ് കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ലഭിച്ചത്. അബുദാബി ശക്തി അവാർഡ്, തോപ്പിൽ രവി അവാർഡ്, സ്വാമി ആനന്ദതീർത്ഥ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

കൃതികൾ: കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല , നിസഹായന്റെ നിലവിളി, ഈ വഴിയിൽ ആളേറെയില്ല, പെലമറുത , ആരാണു തോൽക്കുന്നവർ . 'നാരായന്റെ തിരഞ്ഞെടുത്ത കൃതികൾ ' നാഷണൽ ബുക്ക് ട്രസ്റ്റ് മലയാളത്തിലും തമിഴിലും പ്രസിദ്ധീകരിച്ചു. തെലുങ്കിലും അടുത്ത മാസം പ്രകാശനം ചെയ്യും.