tutankhamun

കെയ്റോ : പുരാതന ഈജിപ്റ്റിൽ ജീവിച്ചിരുന്ന തുത്തൻഖാമൻ രാജാവിന്റെ കല്ലറയിൽ കണ്ടെത്തിയ അമൂല്യ വസ്തുക്കളിൽ ഒരു ഭാഗം കല്ലറ കണ്ടെത്തിയ ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റായ ഹൊവാർഡ് കാർട്ടർ മോഷ്ടിച്ചെന്ന് പഠനം.

ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ മമ്മി അടക്കം ചെയ്ത കല്ലറ 1922ൽ നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിനടുത്തുള്ള വാലി ഒഫ് കിംഗ്സിൽ നിന്നാണ് ഹൊവാർഡ് കാർട്ടർ കണ്ടെത്തിയത്. കല്ലറയിൽ നിരവധി അമൂല്യ വസ്തുക്കളുണ്ടായിരുന്നു. പ്രശസ്തമായ തുത്തൻഖാമന്റെ മുഖംമൂടിയും കഠാരയുമൊക്കെ ഇതിൽപ്പെടുന്നു ഇവ ഇപ്പോഴും കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ കാണാം.

ഹൊവാർഡ് കാർട്ടർ നിധിശേഖരത്തിൽ നിന്ന് ഒരു ഭാഗം കടത്തിയിരിക്കാമെന്ന അഭ്യൂഹം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഈജിപ്റ്റിൽ പ്രചാരത്തിലുണ്ട്. എന്നാൽ, 1934ൽ ഗവേഷകനായ സർ അലൻ ഗാർഡിനർ കാർട്ടറിനയച്ച ഒരു കത്തിൽ നിന്ന് ഇപ്പോൾ ഈ അഭ്യൂഹം ശക്തമായിരിക്കുന്നു.

ഈ കത്ത് ഇതിന് മുന്നേ പുറത്തുവിട്ടിട്ടില്ല. 3,300 ഓളം വർഷം പഴക്കമുള്ള തുത്തൻഖാമന്റെ കല്ലറയിൽ രേഖപ്പെടുത്തിയിരുന്ന ഹൈറോഗ്ലിഫിക്സ് പരിഭാഷപ്പെടുത്തിയതിന് കാർട്ടർ ഒരു പുരാതന തകിട് ഗാർഡിനറിന് നൽകി. പുരാതന ഈജിപ്റ്റിൽ മരിച്ചവർക്ക് സമർപ്പിക്കുന്ന തകിടായിരുന്നു ഇത്. ഈ തകിട് തനിക്ക് കല്ലറയിൽ നിന്ന് കിട്ടിയതല്ലെന്ന് പറഞ്ഞാണ് കാർട്ടർ ഗാർഡിനറിന് നൽകിയത്.

ഗാർഡിനർ ഈ തകിട് ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ അന്നത്തെ ബ്രിട്ടീഷ് ഡയറക്ടറായ റെക്സ് എൻഗൽബാഷിനെ കാണിച്ചു. ഈ തകിടിന് തുത്തൻഖാമന്റെ കല്ലറയിൽ കണ്ടെത്തിയ വസ്തുക്കളുമായി സാമ്യമുണ്ടെന്ന് എൻഗൽബാഷ് പറഞ്ഞു. ' ഈ തകിട് തുത്തൻഖാമന്റെ കല്ലറയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നതിൽ സംശയമില്ല " എന്ന് എൻഗൽബാഷ് ഗാർഡിനറിനോട് പറഞ്ഞു.

ഇക്കാര്യങ്ങൾ വിവരിച്ച് തന്റെ രോഷം പ്രകടിപ്പിച്ച് ഗാർഡിനർ കാർട്ടറിന് കത്തയച്ചു. ഈ കത്താണ് ഇപ്പോൾ കാർട്ടറിനെ വീണ്ടും സംശയ നിഴലിലെത്തിച്ചത്. കാർട്ടർ കല്ലറയിൽ നിന്ന് നിരവധി കാര്യങ്ങൾ മോഷ്ടിച്ചെന്ന് താൻ കരുതുന്നതായി അദ്ദേഹത്തിന്റെ ജോലിക്കാരിലൊരാളായ ആൽഫ്രഡ് ലൂക്കാസ് 1947ൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കാർട്ടറെ സംബന്ധിച്ച ആരോപണങ്ങൾ നിഷേധിക്കുന്ന ഗവേഷകരുമുണ്ട്. 1939ൽ 64ാം വയസിലാണ് കാർട്ടർ അന്തരിച്ചത്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിൽ നിന്ന് പുറത്തിറങ്ങാൻ പോകുന്ന ' തുത്തൻഖാമൻ ആൻഡ് ദ ടോംബ് ദാറ്റ് ചേഞ്ചഡ് ദ വേൾഡ് " എന്ന പുസ്തകത്തിലൂടെ കത്തുകൾ പുറത്തുവിടുമെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയിട്ട് ഇക്കൊല്ലം നൂറ് വർഷം തികയുകയാണ്.