
പേരക്കുട്ടികളുടെ മക്കളുടെ എണ്ണം സെഞ്ച്വറി തികഞ്ഞ സന്തോഷത്തിലാണ് 99കാരിയായ മാർഗരറ്റ് കോളർ. പെൻസിൽവാനിയക്കാരിയായ മാർഗരറ്റ് കോളർ നൂറാമത്തെ കുഞ്ഞിനെ കൈകളിലെടുത്ത് ചുംബിക്കുന്ന ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പതിനൊന്ന് മക്കളുള്ള മാർഗരറ്റിന് 56 പേരക്കുട്ടികളാണുള്ളത്.
ലോകത്തിൽ ഏറ്റവും ഭാഗ്യമുള്ള വ്യക്തി താനാണെന്നും അപൂർവമായി കിട്ടുന്ന സൗഭാഗ്യമാണിതെന്നും മാർഗരറ്റ് പറഞ്ഞു. കോളർ വില്യം ബ്ലാസ്റ്റർ എന്നാണ് നൂറാമത്തെ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. മാർഗരറ്റിന്റെയും മരിച്ചുപോയ ഭർത്താവിന്റെയും പേരുകൾ ചേർത്താണ് നൂറാമത്തെ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഒറ്റക്കുട്ടിയായിരുന്നതിനാൽ വലിയൊരു കുടുംബം വേണമെന്ന് താനാഗ്രഹിച്ചിരുന്നതായി മാർഗരറ്റ് പറയുന്നു. കന്യാസ്ത്രീയായി ജീവിക്കാൻ തീരുമാനിച്ചിരുന്ന മാർഗരറ്റിനെ ഭർത്താവ് വില്യംസാണ് സന്യാസ ജീവിത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
കുടുംബത്തിലെ എല്ലാവർക്കും ഒരു മേശയ്ക്ക് ചുറ്റും ഒത്തുകൂടുക എന്നത് പ്രയാസമാണെന്നും അതിനാല്‍ പ്രധാനപ്പെട്ട ആഘോഷദിവസങ്ങളില്‍ പല സംഘങ്ങളായി ഒത്തുചേരുന്നതാണ് പതിവെന്നും നൂറാമത്തെ കുഞ്ഞിന്റെ അമ്മയായ ക്രിസ്റ്റീന്‍ ബാല്‍സ്റ്റര്‍ പറഞ്ഞു. ക്രിസ്റ്റീന്റെ കസിന്‍ കോളീന്റെ കുട്ടിയാവും നൂറാമത്തെ കുട്ടിയെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിചാരിച്ചതിലും ഒരാഴ്ച മുമ്പെ ക്രിസ്റ്റീന്‍ പ്രസവിച്ചതോടെ ഭാഗ്യം ആ കുഞ്ഞിനായി.