മൈക്ക് എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് ഡയാന ഹമീദിന്. മലയാളത്തിൽ ഉയർന്നു വരുന്ന നായികമാരിൽ നോട്ടബിൾ എന്നു വിശേഷിപ്പിക്കാവുന്ന ഡയാനയുടെ വിശേഷങ്ങളിലേക്ക്

മൈക്കിലേക്ക്?
വിമൻസ് ഡേ പ്രോഗ്രാമിനോട് അനുബന്ധിച്ച് ടിവിയിൽ ഒരു പ്രോമോ വീഡിയോ ചെയ്തിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് സംവിധായകൻ വിഷ്ണു ശിവപ്രസാദ് എന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചത് .അത് അത്യാവശ്യം പോപ്പുലർ ആയ ഒരു പ്രോഗ്രാം ആയിരുന്നു. സംവിധായകൻ എന്ന നിലയിൽ ഒരു പെർഫെക്ഷനിസ്റ്റാണ് വിഷ്ണു. തന്റെ സിനിമയെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള അദ്ദേഹത്തോട് ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. മുൻപ് ഞാൻ ചെയ്ത ചിത്രങ്ങളെല്ലാം അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട് എന്നും പറഞ്ഞു. ഞങ്ങളിൽ പലരുടേയും ഫിലിം കരിയറിൽ വഴിത്തിരിവുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു ചിത്രമാണ് മൈക്ക് എന്നാണ് കരുതുന്നത്.
ഒരു പുതിയ കഥയാണ് മൈക്ക് എന്ന ചിത്രം പറയുന്നത്?
മലയാളത്തിൽ ഇത്തരം കണ്ടന്റുകൾ മുൻപ് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തോന്നുന്നു. സുഹൃത് ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും ഒക്കെ കഥയാണിത്. മലയാള സിനിമ എപ്പോഴും മുന്നോട്ട് ചിന്തിക്കുന്നതിൽ സന്തോഷം. അത് തന്നെയാകും ഒരുപക്ഷേ ജോൺ ഏബ്രഹാം സാറിനെ പോലെ ഒരാൾ നമ്മുടെ ഇൻഡസ്ട്രിയിൽ കടന്നു വരാനും സിനിമ പ്രൊഡ്യൂസ് ചെയ്യാനും കാരണമായത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഷൂട്ടിംഗ് ദിനങ്ങൾ?
നായകൻ രഞ്ജിത്ത് സജീവ് പുതിയ ഒരാളാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുമ്പോൾ ഒരിക്കലും പുതിയ ഒരാൾക്കൊപ്പം ആണ് വർക്ക് ചെയ്യുന്നത് എന്നൊന്നും തോന്നിയിരുന്നില്ല. പിന്നെ അക്ഷയ് രാധാകൃഷ്ണൻ, രാകേഷ്, അഭിരാമേട്ടൻ, അനശ്വര അങ്ങനെ സെറ്റിലെ എല്ലാവരും ആയി നല്ലൊരു സൗഹൃദവലയം തുടക്കത്തിൽ തന്നെ ഉണ്ടായി. രോഹിണി മാമിന്റെ പിന്തുണ വലുതായിരുന്നു. അതുകൊണ്ട് തന്നെ വളരെ രസകരമായിരുന്നു ഷൂട്ടിംഗ് ദിവസങ്ങൾ.
സുരേഷ് ഗോപിയ്ക്കൊപ്പം പാപ്പനിൽ?
പാപ്പൻ വളരെ നല്ല ഒരു അനുഭവമായിരുന്നു. എന്നെ വളരെയധികം അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു നടൻ ആണ് സുരേഷ് ഗോപി. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെയും ചിത്രത്തിന്റെ പ്രൊമോഷനുകൾക്കിടയിൽ പേരെടുത്ത് പറഞ്ഞ് അദ്ദേഹം അംഗീകരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.
കുടുംബ പ്രേക്ഷകർക്കിടയിൽ സുപരിചിതയായല്ലോ?
കൗമുദി ടിവിയിലൂടെ 2012ൽ ഒരു ടിവി അവതാരകയായാണ് ഞാൻ എന്റെ കരിയർ തുടങ്ങുന്നത്. കട്ട് ഷോർട്സ് എന്നാണ് ആ പ്രോഗ്രാമിന്റെ പേര്. അവിടെയുള്ളവർ എല്ലാവരും എനിക്ക് വലിയ സപ്പോർട്ട് ആണ് തന്നത്. ഒപ്പം ഒരു ഗവൺമെന്റ് പ്രോഗ്രാമിലേക്ക് ക്യാമ്പസ് സെലക്ഷനും കിട്ടി. കൗമുദി ചെയ്ത ഒരു മ്യൂസിക് വീഡിയോയിൽ നിന്നുമാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. കൗമുദിയുടെ പ്രോഗ്രാം ചീഫ് ആയ മഹേഷേട്ടനാണ് ഒരു മ്യൂസിക് വീഡിയോയുടെ ഭാഗമാകാൻ ആദ്യമായി എന്നെ വിളിക്കുന്നത്. പിന്നീട് അഖിൽ വിനായക് ചെയ്ത 'വേണി" എന്ന മ്യൂസിക് വീഡിയോ ചെയ്തതും കൗമുദി ടീം ആയിരുന്നു. ആ വീഡിയോയിലൂടെയാണ് 'ദ ഗ്യാംബ്ലർ"എന്ന സിനിമയിൽ എനിക്ക് അവസരം ലഭിക്കുന്നത്. എല്ലാവരും തരുന്ന ഈ സപ്പോർട്ടിൽ ഒരുപാട് സന്തോഷം.
പുതിയ ചിത്രങ്ങൾ?
 'വീ കം", 'മധുരം ജീവാമൃത ബിന്ദു", 'മെറി ക്രിസ്മസ്", 'ടർക്കിഷ് തർക്കം" ഇവയെല്ലാം റിലീസ് ആവാനിരിക്കുകയാണ്.
അച്ഛൻ ഹമീദും അമ്മ ഷീബയും സപ്പോർട്ട് ആണ്. വീട്ടിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകുന്നത് അമ്മയാണ്. അച്ഛൻ എൻ .ആർ .ഐയായതുകൊണ്ട്  തന്നെ ഞാൻ പ്രോഗ്രാമുകൾക്ക് പോകുമ്പോൾ ഒപ്പം വരുന്നത് അമ്മയാണ്. അസാപിൽ സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് കൂടിയാണ് ഡയാന.
-അരുണിമ