comado-dragon

കൊമോഡോ ഡ്രാഗൺ എന്ന ഭീകരനെ കുറിച്ച് കേട്ടിട്ടില്ലേ? പല്ലി വർഗത്തിൽ പെടുന്ന ഈ ഭീകരൻ കാഴ്‌ചയിലും കരുത്തിലും ഒരുപോലെ ശക്തനാണ്. മൂന്ന് മീറ്ററോളം നീളവും 150 കിലോയിലധികം ഭാരവുമുള്ള കൊമോഡോയുടെ സ്വദേശം ഇൻഡോനേഷ്യയാണ്. ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ ജീവികളുടെ കൂട്ടത്തിൽ പെടുന്ന ഇവ പന്നി, മാൻ, കുതിര തുടങ്ങി മനുഷ്യനെ വരെ അകത്താക്കും.

കൊമോഡോ ഡ്രാഗന്റെ ഉമിനീരിൽ അൻപതോളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇരയെ ഒറ്റയടിക്ക് കൊല്ലാനായില്ലെങ്കിലും ഇവയുടെ കടിയേൽക്കുന്ന ജീവികൾക്ക് അധികം ആയുസുണ്ടാകില്ല. മനുഷ്യൻ വൻതോതിൽ വേട്ടയാടുന്നതും കാട് കയ്യേറുന്നതും തീറ്റ കുറയുന്നതും കാരണം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് കൊമോഡോ ഇപ്പോൾ.

ഇവയുടെ ഇരപിടിത്തം തന്നെ ഭയാനകമാണ്. അത്തരത്തിലൊന്ന് ഇപ്പോൾ സോഷ്യൽ മീഡിയയെ ഭയപ്പെടുത്തുകയാണ്. ഒരു മാനിനെ നിമിഷ നേരം കൊണ്ട് വിഴുങ്ങുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജുറാസിക് പാർക്ക് സിനിമയിൽ കണ്ട ഭീകരദൃശ്യം ജീവിതത്തിൽ കാണാൻ കഴിഞ്ഞുവെന്നാണ് ഇതിന് കമന്റായി പലരും പറയുന്നത്.