ajit-doval

മോസ്‌കോ : ഉസ്‌ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒയുടെ) സുരക്ഷാ യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയിൽ റഷ്യയിൽ കൂടി സന്ദർശനം നടത്തിയിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം റഷ്യയിൽ ഇറങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഉസ്‌ബെക്കിസ്ഥാൻ സന്ദർശിക്കുന്നത്. ചൊവ്വാഴ്ച മോസ്‌കോയിലെത്തിയ ഡോവൽ റഷ്യയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമായും അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയും, ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടുകൾ, തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള നിലപാടുകൾ എന്നിവ ചർച്ചാ വിഷയമാവും.

മോസ്‌കോയിൽ ഡോവൽ എത്തിയപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു നാഴികക്കല്ല് കൂടി പൂർത്തീകരിച്ചിരിക്കുകയാണ്. റഷ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായി മാറിയിരിക്കുന്നു എന്നാണത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഉപേക്ഷിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വലിയ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും ഇന്ത്യ പിന്മാറിയിരുന്നില്ല. മോസ്‌കോയുമായി ഇടപഴകാനുള്ള പ്രതിബദ്ധതയിൽ ന്യൂ ഡൽഹി ഉറച്ചുനിൽക്കുകയായിരുന്നു.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ സുരക്ഷാ യോഗത്തിൽ ഡോവലിന് പുറമേ പാകിസ്ഥാൻ, ചൈന, മദ്ധേഷ്യൻ രാജ്യങ്ങൾ, ഇറാൻ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അടുത്ത വർഷത്തെ എസ്സിഒ ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.