പ്രണയമെന്നത് ലോകത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതിയാണ്. എന്നാൽ ചിലപ്പോഴെങ്കിലും പ്രണയം അപകടകാരിയാകാറുണ്ട്. ആത്മഹത്യയുടെ രൂപത്തിലും കൊലയുടെ രൂപത്തിലും ഇത് പലപ്പോഴും കടന്നുവരാറുണ്ട്. സുന്ദരമായ അനൂഭൂതി എങ്ങനെയാണ് പകയുടെയും പ്രതികാരത്തിന്റെയും വഞ്ചനയുടെയും മരണത്തിന്റെയും പ്രതീകമായി മാറുന്നത്. പുരുഷന്റെ പ്രണയം ഉദാത്തമാണെന്നും സ്ത്രീയുടേത് ചപലവുമാണെന്ന ചൊല്ല് പരക്കെ നിലനിൽക്കുന്നുണ്ട്. എന്നാൽ പ്രണയത്തിൽ സ്ത്രീകളും പെൺകുട്ടികളും ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.
പ്രണയം അടിമത്തവും ത്യാഗവുമല്ല എന്നത് എല്ലാ പ്രണയിനികളും മനസിലാക്കണം. അനേകം ഉപാധികൾക്ക് മേൽ പടുത്തുയർത്തുന്നതിന് ആയുസ് കുറവായിരിക്കുമെന്ന് മനസിലാക്കുക. സ്വന്തം ഇഷ്ടങ്ങളും നിലപാടുകളും കാഴ്ചപാടുകളും പങ്കാളി ബഹുമാനിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.
ഏത് തരം മനുഷ്യബന്ധങ്ങളിലും സ്വകാര്യതയ്ക്ക് വലിയ പങ്കുണ്ട്. തങ്ങളുടെ സമയത്തെ, സ്വകാര്യതയെ പങ്കാളി മാനിക്കുന്നുവെന്ന് തിരിച്ചറിയണം. പങ്കാളിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതിരിക്കേണ്ടത് ഇരുവരും പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ്.
ഗാഢമായി സ്നേഹിക്കുന്നു എന്നത് മറ്റാരാളെ തടവിലാക്കാനുള്ള ലൈസൻസ് അല്ല. സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും എല്ലാ ബന്ധങ്ങളിലും ഉണ്ടാകണം. മറ്റൊരാളുടെ ശരീരത്തിന്, മനസിന്, പ്രവർത്തികൾക്ക്, ജീവിതത്തിന് മേൽ വേറൊരാൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ അവകാശമില്ല. ഇത്തരം പ്രണയങ്ങളാണ് കാലക്രമേണ ടോക്സിക് പ്രണയങ്ങളാവുന്നത്. പ്രണയത്തിന്റെ ആത്മാവാണ് സ്വാതന്ത്ര്യം എന്നുതന്നെ പറയാനാകും.
പ്രണയമെന്നാൽ എപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കണം എന്നർത്ഥമില്ല. പങ്കാളിയെ സന്തോഷിപ്പിച്ചാൽ മാത്രം പോര സ്വയം സന്തോഷിച്ചുവോ എന്നുകൂടി ചോദിക്കുക. ഏതൊരു ബന്ധത്തിലും സ്വരചേർച്ചകൾ ഉണ്ടാവും. വഴക്കും പിണക്കവും ഉണ്ടാവും. എന്നാൽ പരസ്പപരം സംസാരിച്ച്, ചിന്തിക്കുവാൻ വേണ്ടുവോളം സമയം കൊടുത്ത് സ്വരചേർച്ചകളെ ഒരുമിച്ച് നേരിടാൻ ശ്രമിക്കുക.
സ്നേഹവും അടിമത്തവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക. തങ്ങൾക്ക് നേരെയുള്ള അനീതികൾ സ്നേഹം കൊണ്ടാണെന്ന ചിന്ത തന്നെ പാടെ മാറ്റുക. പ്രതികരിക്കുക. പ്രണയം അധികാരം ഉറപ്പിക്കലോ കീഴ്പ്പെടുത്തലോ അല്ലെന്ന് മനസിലാക്കണം.
ഏതൊരു മനുഷ്യബന്ധത്തെയും നിലനിർത്തുന്നതിന് അതിൽ ഉൾപ്പെടുന്നവരുടെ അന്തസിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീയ്ക്കും പുരുഷനും അന്തസുണ്ടെന്ന് ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അന്തസിനെ ഹനിക്കുന്ന പ്രവർത്തികൾ പങ്കാളിയിൽ നിന്നുണ്ടായാൽ അധികം ചിന്തിക്കാതെ തന്നെ പ്രണയമോചനം നേടുക.
പങ്കാളി വൈകാരികമായി ലഭ്യമാകേണ്ടത് ഏറ്റവും പ്രധാനമാണ്. സ്നേഹം, സ്വാതന്ത്ര്യം, അന്തസ് എന്നതുപോലെ തന്നെ പ്രധാനമാണ് ഇമോഷണലി അവൈലബിൾ ആകുക എന്നത്. മാനസികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഘട്ടത്തിൽ ആവശ്യപ്പെടാതെ തന്നെ നമ്മളോട് ചേർന്നുനിൽക്കേണ്ടയാളാണ് പങ്കാളി. ഫിസിക്കലി അവൈലബിൾ ആകാൻ എപ്പോഴും സാധ്യമാകണമെന്നില്ല. എന്നാൽ മാനസികമായി ചേർന്നുനിൽക്കേണ്ടത് വളരെ പ്രധാനമാണ് താനും. പ്രണയം നിലനിൽക്കുന്നത് ഒരു പരിധിവരെ ഇതിനെ ആശ്രയിച്ചാണ് എന്നുപറയാം. പ്രണയത്തെ ഇതിലൂടെ പരീക്ഷിക്കാനുമാകും.