ajith-doval

ന്യൂഡൽഹി: ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ സുരക്ഷയിൽ വീഴ്‌ച വരുത്തിയ മൂന്ന് എൻഎസ്ജി ഉദ്യോഗസ്ഥരെ നീക്കം ചെയ‌്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും, രണ്ട് കമാൻഡോകളെയുമാണ് എൻഎസ്ജിയിൽ നിന്ന് ട്രാൻസ്ഫർ ചെയ‌്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡോവലിന് സുരക്ഷാ വീഴ്‌ചയുണ്ടായത്. ചുവന്ന എസ്‌യുവിയിൽ എത്തിയ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഡോവലിന്റെ വീട്ടിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയായിരുന്നു. എൻഎസ്ജി ഇയാളെ പിടികൂടി പൊലീസിൽ എൽപ്പിച്ചെങ്കിലും വലിയ സുരക്ഷാ വീഴ്‌ചയുണ്ടായതായാണ് വിലയിരുത്തൽ.

ശന്തനു റെഡ്ഡി എന്നയാളാണ് കടന്നുകയറാൻ ശ്രമിച്ചത്. തന്റെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും, ബാഹ്യശക്തികളാണ് തന്നെ നിയന്ത്രിക്കുന്നതെന്നുമാണ് ചോദ്യംചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയത്. എന്നാൽ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ നിന്ന് ചിപ്പൊന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ല.