kochi

കൊച്ചി: കടന്നുപോയ 17 ദിനങ്ങൾ. എറണാകുളത്ത് അരുംകൊല ചെയ്യപ്പെട്ടത് പെറ്റമ്മയുൾപ്പെടെ നാലുപേർ. അക്രമങ്ങളിൽ ഗുരുതരമായി​പരിക്കേറ്റവർ പൊലീസുകാരനുൾപ്പെടെ ആറ് പേർ. ഏറ്റവും ഒടുവിലത്തേതാണ് കാക്കനാട്ട് യുവാവിനെ കൊന്ന് ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ തള്ളിയ സംഭവം. മാരക മയക്കുമരുന്ന് കേസുകളി​ൽ ഭയാനകമായ വർദ്ധന. കേരളത്തിന്റെ വ്യവസായ തലസ്ഥാനം ഒരിടവേളയ്ക്ക് ശേഷം ഭീതിയുടെയും ആശങ്കയുടെയും നിഴലിലാണ്.

 പെറ്റമ്മയെ കുത്തി​വീഴ്ത്തി​

പണം നൽകാത്തതിന് ആഗസ്റ്റ് ഒന്നിന് അങ്കമാലിയിലാണ് മകൻ പെറ്റമ്മയെ കുത്തി വീഴ്ത്തിയത്. നായത്തോട് സ്വദേശി മേരിയെയാണ് ചുമട്ടുത്തൊഴിലാളിയായ മകൻ കിരൺ (27) കൊലപ്പെടുത്തിയത്.

 കരുണയില്ലാത്ത സുഹൃത്ത്

എറണാകുളം നോർത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിരിക്കെയുണ്ടായ വാക്കുതർക്കമാണ് നീണ്ടകര സ്വദേശി എഡിസന്റെ ജീവനെടുത്തത്. കഴുത്തിൽ മദ്യക്കുപ്പി കുത്തിയിറക്കിയ സംഭവത്തിൽ പ്രതി മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷിനെ (38) കണ്ടെത്താനായിട്ടില്ല.

 പാട്ടിന് പിന്നാലെ കുത്ത്

ലൈംഗിക ഇടപാടിന് ട്രാൻസ്ജെൻഡറെ സമീപിച്ചവർ തമ്മിലുണ്ടായ വാക്കുതർക്കത്തി​നിടെയാണ് മുട്ടിനകം സ്വദേശി ശ്യാം കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കിരണും അമലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നെട്ടൂർ സ്വദേശികളായ മൂന്ന് പ്രതികൾ പിടിയിലായി.

 ബാറിലെ ആക്രമണം

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട തർക്കത്തി​നിടെ ഇക്കഴിഞ്ഞ വ്യാഴ്ചയാണ് ചാലക്കപ്പാറ സ്വദേശി റിനാസിനെ കാഞ്ഞിരമറ്റത്ത് ബാറിൽ വെട്ടിവീഴ്ത്തിയത്. മൂന്ന് പ്രതികളെ പിടികൂടിയിട്ടുണ്ട്.

 കാക്കിക്കും രക്ഷയില്ല

മദ്യപിച്ച് വാഹനമോടിച്ചത് പിടിച്ചതിന്റെ വൈരാഗ്യത്തിന് തൃപ്പൂണിത്തുറയിൽ രണ്ട് യുവാക്കൾ പൊലീസുകാരനെ രാത്രി തടഞ്ഞുനിറുത്തി മർദ്ദിച്ച് അവശരാക്കിയത് കഴിഞ്ഞ ദിവസമാണ്. ഹിൽപാലസ് സ്റ്റേഷനിലെ സി.പി.ഒയ്ക്കാണ് മർദ്ദമേറ്റത്. പ്രതികൾ പിടിയിലായി.

 വീണ്ടും ഹണി ട്രാപ്പ്

വൈക്കം സ്വദേശിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് യുവതിയും കൂട്ടാളികളും സ്വർണവും പണവും അപഹരിച്ചത് ഈ മാസം എട്ടിനാണ്. പ്രതികൾ ഒളിവിലാണ്.

...............................

എക്സൈസുമായി സഹകരിച്ച് ജില്ലയാകെ സ്പെഷ്യൽ ഡ്രൈവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്.

സി.എച്ച്. നാഗരാജു, കമ്മിഷണർ

സിറ്റി പൊലീസ്