
ന്യൂഡൽഹി : ഗുജറാത്ത് കലാപകാലത്ത് തന്നെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ ജയിൽമോചിതരാക്കിയ ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ ബിൽക്കിസ് ബാനു. ജയിൽ മോചിതരാക്കിയ നടപടി സർക്കാർ പിൻവലിക്കണമെന്ന് ബിൽക്കിസ് ബാനു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസത്തെ തീരുമാനം ഉലച്ചുകളഞ്ഞെന്ന് അവർ പറഞ്ഞു. തന്നെ പോലെ നിയമപോരാട്ടം നടത്തുന്ന സ്ത്രീകളെക്കുറിച്ച് ഓർക്കുമ്പോൾ ആശങ്ക തോന്നുന്നുവെന്നും ബിൽകിസ് ബാനു വ്യക്തമാക്കി.
കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ സ്വാതന്ത്ര്യദിനത്തിൽ സർക്കാർ ജയിൽമോചിതരാക്കിയിരുന്നു. 15 വർഷം ജയിൽവാസം പൂർത്തിയാക്കിയത് പരിഗണിച്ചാണ് ഇളവ് നൽകിയത്. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും 3 വയസുള്ള മകളടക്കം ഏഴു കുടുംബാംഗങ്ങളെ കൺമുന്നിലിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 2008ൽ മുംബയ് സി.ബി.ഐ കോടതിയാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികളിലൊരാൾ സുപ്രിംകോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് ജയിൽ മോചനകാര്യത്തിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി. സർക്കാർ നിയോഗിച്ച സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 11 പേരെയും ആഗസ്റ്റ് 15ന് മോചിപ്പിച്ചത്.