
അമല പോളിന്റെ 'കടാവർ' എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ പൊലീസ് സർജനായ ഡോക്ടർ ഭദ്ര എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിച്ചത്.
ഡോക്ടർ ഭദ്രയാകാനായി താൻ ചെയ്ത 'ഹോം വർക്കുകളെക്കുറിച്ച്' വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി പോസ്റ്റ്‌മോർട്ടം നേരിൽ കണ്ടെന്ന് അമല പോൾ വെളിപ്പെടുത്തി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'കഡാവറിന് വേണ്ടി ഒരുപാട് ഗ്രൗണ്ട് വർക്കുകൾ ചെയ്യേണ്ടി വന്നിരുന്നു. ഞാനും സംവിധായകനും (അനൂപ് പണിക്കർ), എഴുത്തുകാരനും (അഭിലാഷ് പിള്ള) നിരവധി ആശുപത്രികൾ സന്ദർശിച്ചു. വിദഗ്ദ്ധരുമായി സംസാരിച്ചു. അവർ ജോലി ചെയ്യുന്നത് മണിക്കൂറുകളോളം നോക്കിനിന്നു. ഞങ്ങൾ മോർച്ചറിയിലും പോയി.
സംവിധായകൻ കഥ പറഞ്ഞുതന്നപ്പോൾ ഭദ്രയെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. ഞാൻ യഥാർത്ഥ ജീവിതത്തിൽ പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായിട്ടുണ്ട്. അത് ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു. അത് എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി, നാമെല്ലാവരും എത്ര നിസാര കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എനിക്ക് മനസിലായി. ജീവനില്ലാത്ത ശരീരം കാണുമ്പോൾ, ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിക്കും.'- അമല പോൾ പറഞ്ഞു.