civic-chandran

കോഴിക്കോട്: ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ആദ്യ കേസിലെ ഉത്തരവും വിവാദത്തിൽ. ജാതി ഇല്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ്‌സി-എസ്‌ടി ആക്ട് നിലനിൽക്കില്ലെന്നാണ് കോടതി പറഞ്ഞത്. ഈ പരാമർശം പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.

എഴുത്തുകാരിയും അദ്ധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്‌സാപ്പ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് സെഷൻസ് കോടതി ഉപാധികളില്ലാതെ മുൻകൂർ ജാമ്യം അനുവദിച്ചത്.

സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ, അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി സ്വീകരിച്ച നിലപാടും വിവാദമായിരുന്നു. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ഇതിൽ ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് പന്ത്രണ്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.