
മലയാളത്തിലെ ഏതൊരു നടനും അശ്ചര്യമുളവാക്കുന്ന രീതിയിലാണ് പൃഥ്വിരാജിന്റെ വളർച്ച. കൊവിഡ് കാലത്തിനു ശേഷം തളർന്നിരുന്ന തീയേറ്ററിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിച്ചയത്തിൽ പൃഥ്വിയുടെ സിനിമകൾ വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്.
കൊവിഡിന് മുൻപും ശേഷവുമായി തിയേറ്ററിൽ റിലീസ് ആയ അയ്യപ്പനും കോശിയും ഡ്രൈവിംഗ് ലൈസൻസും ജനഗണമനയും കടുവയും വരെ തിയേറ്ററിൽ ഉത്സവ പ്രതീതി നൽകിയ സിനിമകൾ ആണ്.
അടുപ്പിച്ച് നാല് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ 50 കോടി ക്ലബ്ബിൽ കയറി, ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ പൃഥ്വിരാജിന് അഭിമാനിക്കാം. വിജയാഘോഷങ്ങളിൽ നിന്നും വിട്ട് നിന്ന മലയാള സിനിമയെ, ജനഗണമന എന്ന സിനിമയുടെ 55 ആം ദിവസം ആഘോഷിച്ചു പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു എന്ന് നിസംശയം പറയാം.
മലയാള സിനിമയുടെ മാർക്കറ്റ് പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ പൃഥ്വിരാജ് വഹിച്ച പങ്ക് ചെറുതല്ല. 'കടുവ'ക്കായി അദ്ദേഹം ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പോയി നടത്തിയ പ്രൊമോഷൻ വലിയതോതിൽ മലയാള സിനിമാ ലോകത്ത് ചർച്ചയായിരുന്നു. കരിയറിലെ സ്വപ്ന സിനിമകളിൽ ഒന്നായ ആട് ജീവിതം ഷൂട്ടിംഗ് കഴിഞ്ഞു. ഇപ്പോൾ ബിഗ് ബഡ്ജറ്റ് സിനിമയായ കാളിയാനായുള്ള ഒരുക്കത്തിലാണ് അദ്ദേഹമിപ്പോൾ.
എസ് മഹേഷാണ് കാളിയാൻ സംവിധാനം ചെയ്യുന്നത്. ശേഷം കറാച്ചി 81 അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം ആയിരിക്കും. ഈ രണ്ട് സിനിമകളും പൂർത്തിയാക്കിയ ശേഷം മലയാള സിനിമയും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ എന്ന മോഹൻലാൽ സിനിമയുടെ പണിപ്പുരയിലേക്ക് പൃഥ്വിരാജ് കയറും. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആണ് എമ്പുരാൻ! മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആന്റണി പെരുമ്പാവൂർ ആണ്.