
മലയാളത്തിന്റെ സുകൃതമായ മാതാ അമൃതാനന്ദമയി അമ്മയുടെ ലോക സേവനപാതയിൽ മറ്റൊരു മഹാപ്രസ്ഥാനം കൂടി പിറക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്ന ഫരീദാബാദിലെ അമൃത ആശുപത്രി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി എന്ന നേട്ടമാണ് കുറിക്കുന്നത്. പൂർണതോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള 2,600 കിടക്കകളും 81 സ്പെഷ്യാലിറ്റികളുമുള്ള ഇൗ ആശുപത്രി ലോകനിലവാരമുള്ള ചികിത്സയാവും പ്രദാനം ചെയ്യുക. അതോടെ സമ്പന്നർക്ക് വിദേശത്ത് ലഭിക്കുന്ന വിദഗ്ദ്ധ ചികിത്സ കുറഞ്ഞ നിരക്കിൽ നാട്ടുകാർക്ക് ലഭിക്കും.
എല്ലാരോഗങ്ങൾക്കും അതിനൂതനവും അത്യാധുനികവുമായ സൗകര്യങ്ങളുടെ സഹായത്തോടെ ഏറ്റവും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കും. ആശ്രയിക്കുന്ന എല്ലാവർക്കും അതിവേഗ രോഗമുക്തി എന്ന അമ്മയുടെ സങ്കൽപ്പത്തിന്റെ സാക്ഷാത്ക്കാരമാണ് രാജ്യതലസ്ഥാനത്തിന് സമീപം ഉയർന്ന ഇൗ പടുകൂറ്റൻ ആതുര ശുശ്രൂഷാ കേന്ദ്രം. ഓരോ വിഭാഗത്തിനും പ്രത്യേക ശിശുരോഗ യൂണിറ്രുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ശിശുരോഗ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി കൂടിയാണിത്. 130 ഏക്കറിൽ ഒരു കോടി ചതുരശ്രയടി വിസ്തീർണത്തിലാണ് ഫരീദാബാദ് അമൃത ഹോസ്പിറ്റൽ. 11 ഏക്കർ വീതം വിസ്തീർണമുള്ള 14 ടവറുകളായാണ് ആശുപത്രി സമുച്ചയം.
ആദ്യഘട്ടത്തിൽ 500 കിടക്കകളുണ്ടാകും. അഞ്ച് വർഷത്തിനുള്ളിൽ പൂർണതോതിൽ സജ്ജമാകുന്നതോടെ 800 ഓളം ഡോക്ടർമാരും പതിനായിരത്തിലധികം ജീവനക്കാരുമുണ്ടാകും. ലോകോത്തര ചികിത്സാ സൗകര്യത്തിന് പുറമേ പ്രദേശവാസികൾക്ക് വലിയ തൊഴിൽസാദ്ധ്യത കൂടിയാണ് ഫരീദാബാദ് അമൃത ഹോസ്പിറ്റൽ തുറന്നിടുന്നത്. 534 ക്രിട്ടിക്കൽ കെയർ കിടക്കകൾ, 64 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ലബോറട്ടറി, ഒൻപത് കാത്ത് ലാബുകൾ, സ്മാർട്ട് ക്ലിനിക്കൽ ലാബ്, 10 റേഡിയേഷൻ ഓങ്കോളജി ബങ്കറുകൾ ഇങ്ങനെ അതിവിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. 70000 സ്ക്വയർ ഫീറ്റിൽ സമ്പൂർണമായി യന്ത്രവത്കരിച്ച സെൻട്രൽ ലബോറട്ടറി സൗകര്യമാണുള്ളത്. ഒരു മണിക്കൂറിൽ പതിനായിരം സാമ്പിളുകളെടുത്ത്, ഒരു സാമ്പിളിൽ നിന്ന് 250 ൽ പരം ടെസ്റ്റുകളും നടത്താനാവുന്ന അപൂർവം ആശുപത്രികളിൽ ഒന്നായി ഈ അമൃത ആശുപത്രി മാറും.
അവയവ മാറ്റത്തിലും സമഗ്രമായ ഒരു കുതിപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതിനെല്ലാമപ്പുറം ചികിത്സാ രംഗത്തെ നൂതന ഗവേഷണങ്ങളുടെ കേന്ദ്രം കൂടിയാകും ഈ ആശുപത്രി. അതിനായി ഏഴ് നിലകളുള്ള ഗവേഷണ ബ്ലോക്കാണ് നിർമ്മിച്ചിട്ടുള്ളത്. ഇങ്ങനെയൊരു സ്വപ്നം കണ്ട് അത് യാഥാർത്ഥ്യമാക്കിയ മാതാ അമൃതാനന്ദമയി ഒാരോ മലയാളിക്കും അഭിമാന നിമിഷമാണ് സമ്മാനിക്കുന്നത്.
ഫരീദാബാദ് അമൃത ആശുപത്രി ആയിരങ്ങൾക്ക് ആശ്രയമായി ഉയരുമ്പോൾ മാതാ അമൃതാനന്ദമയി ദേവി കാരുണ്യത്തിന്റെയും ദീർഘദൃഷ്ടിയുടെയും മഹാമാതൃകമായി ലോകമാകെ വീണ്ടും വീണ്ടും ആദരിക്കപ്പെടുകയാണ്. ഭാവിയിൽ ഇൗ ആതുരാലയം ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായി ലോകം മുഴുവൻ കീർത്തി പരത്തുമെന്നതിൽ സംശയമില്ല.
രാജ്യം ഏതൊരു പ്രതിസന്ധി നേരിടുമ്പോളും കാരുണ്യത്തിന്റെ ദിവ്യകരങ്ങൾ നീട്ടുന്ന സമീപനമാണ് അമൃതാനന്ദമയീ മഠം എക്കാലത്തും തുടരുന്നത്. സുനാമിയുടെയും കൊവിഡിന്റെയും കാലത്ത് സർക്കാർ സ്ഥാപനങ്ങൾക്ക് തുല്യമായ സേവനങ്ങളാണ് മഠത്തിൽനിന്ന് ഉണ്ടായിട്ടുള്ളതെന്നത് ആത്മീയതയിൽ താത്പര്യമില്ലാത്തവർക്കും വിസ്മരിക്കാനാവില്ല. ജനങ്ങൾക്ക് സ്നേഹവും കാരുണ്യവും ശക്തിയും പകരുന്ന അമ്മയുടെ പ്രവർത്തനങ്ങൾ ഉത്തരോത്തരം തുടരട്ടെ എന്ന് ഇൗ വേളയിൽ ആശംസിക്കുന്നു.