sajeev

കൊച്ചി : കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ്. കൊല്ലപ്പെട്ട സജീവിന്റെ മൃതദേഹം ഫ്ലാറ്റിലെ ഡക്റ്റിൽ തൂക്കിയിട്ട നിലയിലായിരുന്നു. ഒരാൾക്ക് ഒറ്റയ്ക്കിത് ചെയ്യാൻ കഴിയുന്നതല്ലെന്നും പ്രതി അർഷാദിന് മറ്റൊരാളുടെ സഹായം ലഭിച്ചതായി സംശയിക്കുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണ‍ര്‍ വിശദീകരിച്ചു. കൊല്ലപ്പെട്ട സജീവും പ്രതിയായ അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നു. ഇരുവരും തമ്മിൽ ലഹരി ഇടപെടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന്റെ കാരണമെന്നും കമ്മീഷണർ വ്യക്തമാക്കി. കൊലപാതകം നടന്ന ഫ്ലാറ്റിൽ സിസിടിവി ഉണ്ടായിരുന്നില്ല. അതിനാൽ ഫ്ലാറ്റിൽ മറ്റാരെങ്കിലുമെത്തിയിരുന്നോ എന്നത് കണ്ടെത്താൻ മറ്റ് മാര്‍ഗങ്ങൾ വേണ്ടിവരും.

ലഹരിമരുന്ന് കൈവശം വച്ച കേസിൽ അർഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കിയേക്കും. തുട‍ർന്ന് കോടതി അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിന് അർഷാദിനെ കൊച്ചിയിൽ എത്തിക്കുക. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കാസർകോട് എത്തിയിട്ടുണ്ട്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമേ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നത് വ്യക്തമാകൂ. ലഹരി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയ മൊഴി. പ്രതിയെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.