kohli

ന്യൂഡൽഹി: തന്നെ സ്നേഹിക്കുന്നവർ ചുറ്റിനുമുള്ളപ്പോഴും താൻ മാനസികമായി ഒറ്റപ്പെട്ടുപോയിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലി. കരിയറിലുടനീളം കടന്നുപോയ മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൊഹ്‌ലി മനസ്സുതുറന്നത്.

ഇത്തരത്തിലുള്ള ഒറ്റപ്പെടൽ സാഹചര്യത്തിലൂടെ പലരും കടന്നുപോയിട്ടുണ്ടാകുമെന്നും . ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും കൊഹ്‌ലി പറഞ്ഞു. താൻ എപ്പോഴൊക്കെ ശക്തനാകാൻ ശ്രമിച്ചുവോ അപ്പോഴെല്ലാം സങ്കടപ്പെടേണ്ടിവന്നിട്ടുണ്ടെന്നും മുൻ നായകൻ പറഞ്ഞു. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം സമ്മർദ്ദങ്ങൾ സാധാരണമാണെന്നും അതിൽ നിന്ന് മോചനം നേടാൻ വിശ്രമം അത്യാവശ്യമാണെന്നും കൊഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ 2014-ലെ പരമ്പരയിൽ വിഷാദരോഗം തന്നെ കീഴ്‌പ്പെടുത്തിയിരുന്നതായും കൊഹ്‌ലി വെളിപ്പെടുത്തി. പക്ഷേ ആ പരമ്പരയ്ക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ കൊഹ്‌ലിബാറ്റുകൊണ്ട് മായാജാലം തീർത്തു.

2014ന് സമാനമായ സ്ഥിതിയിൽ ഫോം കണ്ടെത്താതെ ബുദ്ധിമുട്ടുകയാണ്കൊഹ്‌ലി. 2019-ന് ശേഷം സെഞ്ച്വറി നേടാനാവാതെ ബുദ്ധിമുട്ടുന്ന കൊഹ്‌ലിയ്ക്ക്കുറച്ചുനാളായി അർദ്ധസെഞ്ച്വറി പോലും അപ്രാപ്യമാണ്. ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള പരിശീലനത്തിലാണ് കൊഹ്‌ലി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.

2014ലെ ഇംഗ്ളണ്ടിനെതിരായ പരമ്പരയ്ക്കിടെ രാവിലെ എഴുന്നേൽക്കുമ്പോഴേ തന്നെ ഇന്ന് റൺസെടുക്കാനാവില്ല എന്ന തോന്നൽ മനസ്സിൽ ഉടലെടുക്കും. ഈ ലോകത്ത് ഒറ്റപ്പെട്ടിരിക്കുന്നത് ഞാൻ മാത്രമാണെന്നുവരെ അന്ന് തോന്നി - വിരാട് കൊഹ്‌ലി