mammootty-ministry-of-cra

മമ്മൂട്ടിക്ക് ഭക്ഷണത്തോടുള്ള പ്രിയം പ്രസിദ്ധമാണല്ലോ? നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നയാളാണ് അദ്ദേഹം. എന്നാൽ എത്ര രുചിയുള്ളതാണെങ്കിലും മനസിലുറപ്പിച്ചിട്ടുള്ള അളവിനപ്പുറം ഒരു അംശം പോലും മമ്മൂട്ടി കഴിക്കുകയുമില്ല. നിലവിൽ ശ്രീലങ്കയിലാണ് താരം. ക്രിക്കറ്റ് ഇതിഹാസം ജയസൂര്യയ്‌ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി വൈറലാവുകയാണ്. ഇത്തവണ മമ്മൂട്ടി തീൻമേശക്ക് മുന്നിലാണ്. അതിനു മുകളിലാകട്ടെ അദ്ദേഹത്തിനായി ഉഗ്രൻ ഞണ്ട് വിഭവവും ഒരുക്കിയിട്ടുണ്ട്. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരങ്ങളായ കുമാർ സംഗക്കാരയുടെയും മഹേല ജയവർദ്ധനയുടെയും പ്രശസ്തമായ ഹോട്ടലായ മിനിസ്ട്രി ഒഫ് ക്രാബിലാണ് മമ്മൂട്ടി എത്തിയത്. ഞണ്ട് വിഭവങ്ങൾക്ക് പേരുകേട്ട ഹോട്ടൽ ശൃംഖലയാണ് മിനിസ്ട്രി ഒഫ് ക്രാബ്. ഇന്ത്യയിൽ മുംബയിലും ഹോട്ടലിന് ഔട്ട‌്‌ലെറ്റുണ്ട്.

പെപ്പർ ക്രാബ്, ഗാർലിക് ചില്ലി ക്രാബ്, കറി ക്രാബ്, ബട്ടർ ക്രാബ്, ബേക്ക്‌ഡ് ക്രാബ്, അവക്കാഡോ ക്രാബ് സലാഡ്, ക്രാബ് ലിവർ പേറ്റ് എന്നിവയാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ. 500 ഗ്രാം മുതൽ രണ്ട് കിലോവരെയുള്ള ഞണ്ടുകൾ ആവശ്യ പ്രകാരം പ്ളേറ്റിലെത്തും.